കുന്നത്തൂർ : ശാസ്താംകോട്ട പെരുവേലിക്കര ബണ്ട് റോഡിന്റെ വശങ്ങളിൽ താമസിക്കുന്നവർ വെള്ളപ്പൊക്ക ഭീഷണിയിൽ. കല്ലടയാറിന് സമാന്തരമായാണ് പെരുവേലിക്കര ബണ്ട് റോഡ് കടന്ന് പോകുന്നത്. ഈ ഭാഗത്തെ ജലവിതാനം ക്രമപ്പെടുത്തുന്നതിന് മൂന്ന് സ്ഥലങ്ങളിൽ കലുങ്ക് നിർമ്മിച്ച് ഇവിടെ ഷട്ടറുകൾ സ്ഥാപിച്ചിരുന്നു. മഴക്കാലത്ത് ഷട്ടറുകൾ അടച്ചിട്ടാണ് കല്ലടയാറ്റിൽ നിന്ന് പെരുവേലിക്കര ഭാഗത്തേക്ക് വെള്ളം കയറുന്നത് തടഞ്ഞിരുന്നത്. അടുത്ത കാലത്ത് 2 കോടി രൂപ അനുവദിച്ച് ബണ്ട് റോഡ് പുനർനിർമ്മാണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന കലുങ്കുകൾ പൊളിച്ചുമാറ്റി പുതിയ കലുങ്കുകൾ നിർമ്മിച്ചു. എന്നാൽ ഇതിന്റെ നിർമ്മാണത്തിലെ അശാസ്ത്രീയത പൂർത്തീകരിക്കാത്തത് മൂലമ ഇപ്പോൾ ഈ ഭാഗത്ത് കൂടി കല്ലടയാറ്റിലെ വെള്ളം പെരുവേലിക്കര ഭാഗത്തേക്ക് എത്തുകയാണ്. നിരവധി വീടുകളിലും കൃഷി ഇടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ചേലൂർ പുഞ്ചയിൽ നിന്നുള്ള വെള്ളവും ഈ ഭാഗത്തേക്ക് എത്തുന്നതിനാൽ വലിയ വെള്ളപ്പൊക്ക സാദ്ധ്യതയാണ് ഇവിടെ ഉള്ളത്. റവന്യൂ അധികൃതരും പൊലീസ് - ഫയർഫോഴ്സ് അധികൃതരും അപകട മുന്നറയിപ്പ് നൽകിയിട്ടുണ്ട്. അടിയന്തരമായി കലുങ്കിന്റെ നിർമ്മാണം പൂർത്തീകരിച്ച് ഷട്ടർ സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.