flood
ദുരിതബാധിത പ്രദേശങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡോ.പി .കെ .ഗോപൻ സന്ദർശിക്കുന്നു.

പടിഞ്ഞാറേകല്ലട : കഴിഞ്ഞ ദിവസം പകൽ മഴ കുറഞ്ഞിട്ടും കല്ലടയാറ്റിലെ ജലനിരപ്പ് ഉയരുകയായിരുന്നു. കല്ലട ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയതാണ് വെള്ളത്തിന്റെ ഒഴുക്ക് വർദ്ധിക്കാൻ കാരണം. വൈകിട്ട് 3 മണിയോടെ ഡാമിന്റെ ഷട്ടറുകൾ താഴ്ത്തും എന്ന് അധികൃതർ അറിയിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ പറഞ്ഞു. മിക്ക വീടുകളുടെയും പരിസര പ്രദേശങ്ങൾ വെള്ളക്കെട്ടായി മാറിയതിനാൽ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഏറെ ബുദ്ധിമുട്ടിലാണ് വീട്ടുകാർ. എല്ലാ വീടുകളുടെയും കക്കൂസുകൾ ഉപയോഗിക്കാൻ പറ്റാത്ത വിധം വെള്ളം നിറഞ്ഞു നിൽക്കുന്ന അവസ്ഥയിലാണ് ഇപ്പോൾ. ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടാകണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഐത്തോട്ടുവാ വാർഡിലെ ദുരിതബാധിത പ്രദേശങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി .കെ . ഗോപൻ , ബ്ലോക്ക് പഞ്ചായത്തംഗം രതീഷ് .ഗ്രാമ പഞ്ചായത്തംഗങ്ങളായ അംബിക കുമാരി , സുനിതാ ദാസ് , പട്ട കടവ് സാബു ,അനിൽ,ചന്ദ്രൻപിള്ള , വിജയൻ ,മോഹനൻ ,കുഞ്ഞു പൊടിയൻ എന്നിവർ സന്ദർശിച്ചു.