പാരിപ്പള്ളി: ഫ്ലാറ്റിൽ എത്തിയ യുവതികളെ പട്ടാപ്പകൽ ആക്രമിച്ച് അഞ്ചംഗ സംഘം സ്വർണാഭരണങ്ങൾ കവർന്നു. സംഘത്തിലെ രണ്ടു പേരെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടി. മൂന്ന് പേർ ഓടി രക്ഷപ്പെട്ടു.
നാവായിക്കുളം സ്വദേശികളായ മിനി (37), നസ്രിയത്ത് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. കണ്ണൂർ വളപട്ടണം പടിഞ്ഞാറേ വീട്ടിൽ സതീഷ് (38), പാരിപ്പള്ളി മീനമ്പലം ഇന്ദീവരത്തിൽ അനിൽകുമാർ (48) എന്നിവരെ പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 12ന് പാരിപ്പള്ളി പെട്രോൾ പമ്പിന് എതിർവശത്തുള്ള ഫ്ലാറ്റിലാണ് സംഭവം. അനിൽ കുമാറിന്റെ കാറിലെത്തിയ അഞ്ചംഗ സംഘം ഫ്ലാറ്റിലുണ്ടായിരുന്ന നാലു യുവതികളുമായി വാക്കുതർക്കത്തിലായി. തുടർന്ന് പിടിവലിക്കിടെ യുവതികളുടെ ആഭരണങ്ങളുമായി രക്ഷപ്പെട്ടു..യുവതികൾ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടുകയും സതീഷിനെ പാരിപ്പളളിയിലെ സ്വകാര്യ ആശുപത്രിക്ക് സമീപം വച്ച് പിടികൂടുകയുമായിരുന്നു. മോഷ്ടിച്ച സ്വർണാഭരണങ്ങൾ ഇയാളിൽ നിന്ന് കണ്ടെടുക്കുകയും സംഘത്തിൽപ്പെട്ട മറ്റുള്ളവരെക്കുറിച്ച് വിവരം ലഭിക്കുകയും ചെയ്തു. തുടർന്ന് അനിൽകുമാറിനെ പാമ്പുറത്ത് വച്ച് ഇൻസ്പെക്ടർ അൽ ജബ്ബാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. സംഘത്തിലുണ്ടായിരുന്ന കല്ലുവാതുക്കൽ വിലവൂർക്കോണം സ്വദേശി ആശംസ്, പരവൂർ കോങ്ങാൻ സ്വദേശി സുനീർ, മയ്യനാട് മുക്കം സ്വദേശി അനസ് എന്നിവർ ഒളിവിലാണ്. വെട്ടിയറ സ്വദേശികളായ ദമ്പതികളാണ് ഫ്ലാറ്റ് വാടകയ്ക്കെടുത്തിരിക്കുന്നത്. സ്ത്രീകളെ ആക്രമിച്ച് പരിക്കേല്പിച്ചതിനും മോഷണത്തിനും പാരിപ്പളളി പൊലീസ് കേസെടുത്തു.