v
തോട്ടത്തറ സർക്കാർ ഹാച്ചറി

മാതൃശേഖര കോഴികളെ വളർത്തി മുട്ട ഉത്പാദിപ്പിക്കുന്നു

കൊല്ലം: മറ്റു സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് മുട്ട വാങ്ങി വിരിയിപ്പിച്ച് കുഞ്ഞുങ്ങളെ നഴ്സറികൾക്ക് നൽകുന്ന പതിവു രീതി ഉപേക്ഷിച്ച് സ്വന്തം കോഴിമുട്ടയും കുഞ്ഞുങ്ങളും പുറത്തെത്തിക്കാൻ തുടങ്ങിയതോടെ തോട്ടത്തറ സർക്കാർ ഹാച്ചറി വളർന്നു തുടങ്ങി.

മാതൃശേഖര കോഴികളെ വളർത്തി മുട്ട ഉത്പാദിപ്പിച്ചു കുഞ്ഞുങ്ങാക്കി വില്പന നടത്തിയാണ് ഹാച്ചറി നേട്ടമുണ്ടാക്കുന്നത്.

കോഴി വളർത്തലിലും മുട്ട ഉത്പാദനത്തിലും സ്വയംപര്യാപ്തതയാണ് ലക്ഷ്യം. 2014ൽ പ്രവർത്തനം ആരംഭിച്ച ഹാച്ചറിയിൽ കഴിഞ്ഞ ഫെബ്രുവരി മുതലാണ് മാതൃശേഖര കോഴികളെ വളർത്താൻ തുടങ്ങിയത്. ആദ്യ ഘട്ടമായി ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ 4810 മുന്തിയ ഇനം കോഴിമുട്ടകൾ മണ്ണൂത്തിയിൽ നിന്ന് വാങ്ങി വിരിയിച്ച് മാതൃശേഖരം ഒരുക്കി. 4163 പിടക്കോഴികളും 458 പൂവൻകോഴികളുമാണ് ശേഖരത്തിലുളളത്. ഈ മാസം മുതൽ പൂർണ്ണമായി ഇവടെ നിന്നുളള മുട്ട മാത്രമാണ് കുഞ്ഞുങ്ങളെ വിരിയിക്കാൻ ഉപയോഗിക്കുക. ഗ്രാമശ്രീ, കരിങ്കോഴി, തലശേരി നാടൻ ഇനങ്ങളിൽപ്പെട്ടവയാണ് കുഞ്ഞുങ്ങൾ.

13,000 മാതൃശേഖര കോഴികളെ ഹാച്ചറിയിൽ വളർത്താം. 35,320 ചതുരശ്രമീറ്ററിൽ ഡബിൾ ഡക്കർ രീതിയിൽ നിർമ്മിച്ച 12 ഷെഡുകളിലാണ് കോഴി വളർത്തൽ. വർഷം നാലു ലക്ഷം കിലോ കോഴിത്തീറ്റയാണ് ആവശ്യം. ഇതിനായി 10 ലക്ഷം രൂപ ചെലവിൽ കാലിത്തീറ്റ നിർമ്മാണ ഫാക്ടറി സ്ഥാപിക്കാനുളള പ്രവർത്തനം ജില്ലാ പഞ്ചായത്ത് ആരംഭിച്ചു. കോഴിക്കുഞ്ഞുങ്ങളെ നഴ്സറികൾ മുഖേനയാണ് കർഷകരിൽ എത്തിക്കുന്നത്. മുട്ട വില്പനയ്ക്കും ഇറച്ചിക്കോഴികളുടെ വില്പനയ്ക്കുമായി സെയിൽ കൗണ്ടർ ഹാച്ചറിയിലുണ്ട്. ഇപ്പോൾ 4621 ഇറച്ചിക്കോഴികളാണ് ഇവിടെ സ്റ്റോക്കുള്ളത്.

 1.20 ലക്ഷം: ഹാച്ചറിയിൽ പ്രതിമാസം ഉത്പാദിപ്പിക്കുന്ന മുട്ട

 പ്രതിമാസം വിരിയുന്ന മുട്ടകൾ: 38,000

 പിട ഏകദേശം: 20,000, പൂവൻ: 18,000

 പിടക്കുഞ്ഞുങ്ങളെ നഴ്സറികൾക്ക് നൽകും

 പ്രതിമാസ മുട്ട ഉത്പാദനം 1.20 ലക്ഷം

 48,000 മുട്ടകൾ വിപണിയിലേക്ക്

 പൂവൻകോഴി വില്പനയ്ക്ക് സെയിൽ കൗണ്ടർ

ജില്ലയിൽ മുട്ട ഉത്പാദനത്തിൽ വൻ വർദ്ധന ലക്ഷ്യമിട്ടാണ് ജില്ലാ പഞ്ചായത്ത് പുതിയ പദ്ധതി ആവിഷ്കരിച്ചത്. സെയിൽ കൗണ്ടർ അടിസ്ഥാന സൗകര്യ വികസനത്തിന് 15 ലക്ഷത്തിന്റെയും ഷെഡുകളിൽ ബയോ സെക്യൂരിറ്റി സംവിധാനം ശക്തമാക്കാൻ ഫാമിന്റെ കവാടത്തിൽ ടയർ ഡിപ്പ് സംവിധാനത്തിന് 10 ലക്ഷം രൂപയുടെയും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്

സാം കെ.ഡാനിയേൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്