photo

കൊല്ലം: കനത്തമഴയും വെള്ളപ്പൊക്കവും കാരണം കല്ലടയാറിന് കുറുകെയുള്ള പത്തനാപുരം പിടവൂർ തര്യൻതോപ്പ് തൂക്കുപാലം തകർന്നു. പിറവന്തൂർ, തലവൂർ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം ഇരുകരകളിലുമുള്ളവർക്ക് വലിയ ആശ്വാസമായിരുന്നു. കഴിഞ്ഞ പ്രളയത്തിൽ പാലത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നു. അറ്റകുറ്റപ്പണികൾ നടത്താനായി പദ്ധതികൾ തയ്യാറായി വരുന്നതിനിടയിലാണ് പാലം പൂർണമായി തകർന്നത്. ഇനി ഇത് പൊളിച്ച്, പുതിയത് നിർമ്മിക്കുക മാത്രമാണ് പോംവഴി.

കല്ലടയാർ കടക്കാനുള്ള മാർഗം

ആറ് വർഷം മുമ്പാണ് തര്യൻതോപ്പ് തൂക്കുപാലം നിർമ്മിച്ചത്. നാട്ടുകാർക്ക് കല്ലടയാർ കടക്കാനുള്ള മാർഗമായി ഇവിടം മാറി. തൂക്കുപാലം കാണാനും ഫോട്ടോ എടുക്കാനുമൊക്കെയായി അന്യനാട്ടിൽ നിന്ന് പോലും ആളുകളെത്തുമായിരുന്നു. കഴിഞ്ഞ പ്രളയത്തിൽ തൂണുകളിൽ നിന്ന് പാലത്തിന്റെ ഒരുഭാഗം വേർപെട്ടിരുന്നു. അതോടെ അപകടാവസ്ഥയിലായ പാലത്തിൽ കയറാൻ ആളുകൾ മടിച്ചു. അകന്നുമാറിയ നടപ്പാത പിന്നീട് പൂർവ സ്ഥിതിയിലാക്കിയ ശേഷമാണ് ആളുകൾ ഉപയോഗിക്കാൻ തുടങ്ങിയത്. കഴിഞ്ഞ ദിനങ്ങളിലെ കനത്ത മഴയിൽ കല്ലടയാറ്റിൽ ജലനിരപ്പ് ഉയർന്നു. തെന്മല പരപ്പാർ ഡാമിൽ നിന്ന് ജലം ഒഴുക്കി വിട്ടതോടെ ആറ്റിലെ ജലനിരപ്പ് പാലത്തിന് മുകളിൽക്കൂടിയൊഴുകുംവിധം ഉയർന്നു. ഇതോടെ പാലം ഒഴുകിപ്പോകുന്ന സ്ഥിതിയായി. തൂണുകളിൽ നിന്ന് വേർപെട്ട നിലയിലാണ് നടപ്പാത.

കുളക്കട തൂക്കുപാലവും തകർച്ചയിൽ

കല്ലടയാറിന് കുറുകെ കൊല്ലം- പത്തനംതിട്ട ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തരത്തിൽ നിർമ്മിച്ച കുളക്കട-ഇളംഗമംഗലം തൂക്കുപാലവും തകർന്നു. ഈ പാലവും കഴിഞ്ഞ പ്രളയത്തിൽ തകർച്ചയിലായതാണ്. ഇക്കുറി വെള്ളം ഉയർന്നതോടെ തീർത്തും നശിച്ചു. ഗതാഗതം നേരത്തെതന്നെ നിറുത്തി വച്ചിരുന്നു. പ്രദേശത്തുകാർ കാർഷിക ഉത്പ്പന്നങ്ങൾ കൊണ്ടുവരാൻ ഉൾപ്പടെ ഉപയോഗിക്കുന്ന പാലമായിരുന്നു ഇത്. എപ്പോഴും ആളുകൾ അക്കരെയിക്കരെ കടന്നിരുന്ന പാലം തകർന്നതോടെ നാട്ടുകാർ തീർത്തും ബുദ്ധിമുട്ടിലായി. നേരത്തെ കടത്ത് സർവീസ് ഉണ്ടായിരുന്നു. തൂക്കുപാലം നിർമ്മിച്ചതോടെ കടത്ത് സർവീസ് നിറുത്തി. ഇപ്പോൾ പാലവുമില്ല, കടത്തുമില്ലാതെ നാട്ടുകാർ വലഞ്ഞിരിക്കുകയാണ്.

മന്ത്രിയിൽ പ്രതീക്ഷ

ഒന്നര മാസം മുൻപ് മന്ത്രി കെ.എൻ.ബാലഗോപാൽ തൂക്കുപാലം കാണാനെത്തിരുന്നു. അതുകൊണ്ടുതന്നെ നവീകരണ പ്രവർത്തനങ്ങൾക്ക് തുക അനുവദിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. കല്ലടയാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന പ്രവണത ആവർത്തിക്കുന്നതിനാൽ ഇനി തൂക്കുപാലത്തിന് പകരം ശാശ്വതമായ കോൺക്രീറ്റ് പാലം വേണമെന്നും ആവശ്യം ഉയരുന്നുണ്ട്.