ശാസ്താംകോട്ട: പ്രകൃതി ദുരന്തങ്ങളെ നേരിടാൻ പൊലീസ് സേനയുമായി കൂട്ടിയോജിപ്പിച്ച ദുരന്തനിവാരണ കർമ്മ സമിതി പൊലീസ് സ്‌റ്റേഷനുകൾ കേന്ദ്രമായി രൂപീകരിക്കണമെന്ന തീരുമാനം കടലാസിൽ ഒതുങ്ങി .രണ്ട് മഹാ പ്രളയത്തിന്റെ അനുഭവത്തിലാണ് കേരള പൊലീസിന്റെ ജനമൈത്രി സുരക്ഷയുമായി യോജിപ്പിച്ച് കർമ്മസമിതികൾ രൂപീകരിക്കാൻ തീരുമാനിച്ചത്.
കടലാസിലൊതുങ്ങി
അടിയന്തര ഘട്ടങ്ങളിൽ ഇടപെടാൻ കഴിയുന്ന വിവിധ മേഖലകളിലെ വിദഗ്ദർ, സന്നദ്ധ പ്രവർത്തകർ, ജനപ്രതിനിധികൾ, ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, ബോട്ട്, വള്ളം തൊഴിലാളികളും ഉടമകളും പ്ലംബിഗ്, ഇലക്ട്രിക് ജോലിക്കാർ തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് സമിതി രൂപീകരിച്ചത്. ഏത് അടിയന്തര സാഹചര്യത്തിലും ശാസ്ത്രീയമായി പ്രവർത്തിക്കാൻ ശേഷിയുള്ള സംഘത്തെ ഓരോ സ്റ്റേഷൻ പരിധിയിലും സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച സമിതികൾ കടലാസിലൊതുങ്ങിയ സ്ഥിതിയാണ്. ചില പൊലീസ് സ്റ്റേഷനുകളിലും സമിതിയുടെ രൂപീകരണം പോലും നടന്നിട്ടില്ല. സമിതി രൂപീകരിച്ച സ്റ്റേഷനുകളിൽ തുടർ നടപടി ഉണ്ടാകാത്തതിനാൽ അംഗങ്ങൾക്ക് ആവശ്യമായ പരിശീലനങ്ങൾ നൽകാനുമായില്ല. പൊലീസ് സ്റ്റേഷൻ തലത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസറും ജില്ലാതലത്തിൽ എസ്.പിയുമാണ് സമിതിയുടെ തലവൻ .കേരളത്തിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും ഇത്തരത്തിൽ ദുരന്തനിവാരണ കർമ്മസമിതികൾ രൂപീകരിച്ച് പ്രകൃതി ദുരന്തങ്ങളെ നേരിടുക, പുനരധിവാസം എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.