al
വേലംമുഴി ഭാഗത്ത് വെള്ളക്കെട്ടിൽ കൊണ്ട് തള്ളിയ മാലിന്യം

പുത്തൂർ: താഴം തെക്കുംചേരി ഭാഗത്തുള്ള ഇഷ്ടിക കമ്പനികളോട് ചേർന്ന ചെളി ഖനനം ചെയ്ത കുഴികളിൽ ലോഡ് കണക്കിന് മാലിന്യം കൊണ്ടുവന്ന് തള്ളുന്നതായി പരാതി. പൊതുജനങ്ങൾക്ക് പകർച്ചവ്യാധികളും മറ്റു മാരകമായ അസുഖങ്ങളും ഉണ്ടാകാൻ ഇടവരുന്ന ഹോസ്പിറ്റൽ മാലിന്യം രാത്രിയിൽ കൊണ്ടുവന്ന് ഈ പ്രദേശത്ത്. തള്ളുന്നുണ്ട്. ഹോസ്പിറ്റലിൽ ഉപയോഗിച്ച കോട്ടൻ, സിറഞ്ച്, പ്ലാസ്റ്റർ, ചെറിയ കുപ്പികൾ, എന്നിവ പ്ലാസ്റ്റിക് കവറിലാക്കിയാണ് മറ്റ് മാലിന്യങ്ങളോടൊപ്പം ഇവിടെയുള്ള കുഴികളിൽ തള്ളുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴയത്ത് കുഴികളിൽ വെള്ളം പൊങ്ങിയപ്പോൾ ഈ മാലിന്യം ചങ്ങാടം പോലെ റോഡിലും പരിസരങ്ങളിലുമുള്ള പുരയിടങ്ങളിലും ഒഴുകി നടക്കുകയാണ്. കുറേ ഭാഗം കല്ലടയാറിൽ കൂടി ഒഴുകി പോയി. പല സ്ഥലങ്ങളിൽനിന്ന് വലിയ ലോറിയിൽ വേസ്റ്റ് കയറ്റി ഇവിടെ കൊണ്ടു തള്ളുന്നത് ചില സാമൂഹ്യ വിരുദ്ധരാണ്. ഇവർ വൻതോതിൽ കമ്മിഷൻ പറ്റിയാണ് ഇപ്രകാരം പ്രവർത്തിക്കുന്നത്. കൊല്ലം ജില്ലാ കളക്ടർക്കും ആരോഗ്യ വകുപ്പിനും പരാതി നൽകിയെങ്കിലും യാതൊരു അന്വേഷണവും ഉണ്ടാകാത്തതാണ് ഇത് ആവർത്തിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.