v
പുകയില- പണ്ടകശാല പാലത്തിന് സമീപം റോഡ് ഇടിഞ്ഞു താഴ്ന്ന നിലയിൽ

ചാമക്കട പുകയില- പണ്ടകശാല പുതിയ പാലത്തിനു ഭീഷണി

കൊല്ലം: ഇടിവെട്ടേറ്റവനെ പാമ്പുകടിച്ചത് പോലെയുള്ള അവസ്ഥയാണ് ചാമക്കട കമ്പോളത്തിന്. കല്ലുപാലം നിർമ്മാണം രണ്ടുവർഷമായി ഇഴഞ്ഞു നീങ്ങുന്നതിനാൽ പ്രദേശത്തെ വ്യാപാരമേഖല കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെയാണ് കല്ലുപാലത്തിന് സമീപത്തുള്ള ചാമക്കട പുകയില- പണ്ടകശാല പുതിയ പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നത്.

മുളക്കട ഭാഗത്ത് റോഡ് ഇടിഞ്ഞുതാഴുകയും വിള്ളലുകൾ രൂപപ്പെടുകയും ചെയ്തു. ലക്ഷ്മിനട ഭാഗത്തുനിന്ന് കമ്പോളത്തിലേക്കും ചിന്നക്കടയിലേക്കും എത്താനുള്ള എളുപ്പമാർഗം കൂടിയാണ് ഈ പാലം. കൊല്ലം തോടിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ആഴം കൂട്ടിയതിനെ തുടർന്ന് തീരങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. സംരക്ഷണ ഭിത്തി കെട്ടുമെന്ന് അധികൃതർ വാഗ്ദാനം ചെയ്‌തെങ്കിലും നടപടികളൊന്നുമുണ്ടായില്ല. മഴ കനത്തതോടെ കുത്തിയൊലിക്കുന്ന വെള്ളം കൊല്ലം തോട്ടിലേക്കാണ് ഒഴുകുന്നത്. പാലത്തിനും റോഡിനും ഇടയിലൂടെ വെള്ളം ഒഴുകുന്നതിനാൽ അപ്രോച്ച് റോഡിന്റെ അടിവശത്തെ മണ്ണുകൂടി ഒഴുകിമാറുന്നുണ്ട്. തുടർന്നാണ് റോഡ് ഇടിഞ്ഞു താഴാൻ തുടങ്ങിയത്.

വശങ്ങൾ ഇടിഞ്ഞുതാഴുന്നതിനൊപ്പം റോഡിൽ വിള്ളലുകളും ഉണ്ടായിട്ടുണ്ട്. അടിവശത്തെ മണ്ണ് ഒലിച്ചുമാറുന്നതിന്റെ സൂചനയാണ് വിള്ളലുകൾക്ക് പ്രധാന കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. റോഡിലുണ്ടായ വിള്ളലുകളും പാലത്തിന് സമീപത്തെ ഇടിഞ്ഞു താഴലും ഗൗരവമായി കണ്ട് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നത്.

 പാലത്തിനും ഭീഷണി

റോഡ് സംരക്ഷണ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമീപ ഭാവിയിൽ പാലത്തിനും കേടുപാടുകൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതു വരെ റോഡ് സംരക്ഷിക്കാൻ താത്കാലിക സംവിധാനമെങ്കിലും സ്വീകരിക്കാൻ നഗരസഭയും വകുപ്പ് അധികൃതരും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.

കല്ലുപാലം നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നതിനിടെ വ്യാപാരികൾക്ക് മറ്റൊരു പ്രതിസന്ധി ആയിരിക്കുകയാണ് പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിനുണ്ടായ നാശം. എത്രയും പെട്ടന്ന് പരിഹാരം കണ്ടെത്തണമെന്നാണ് ഞങ്ങൾക്ക് അധികൃതരോട് അപേക്ഷിക്കാനുള്ളത്

(പ്രദേശത്തെ വ്യാപാരികൾ)