photo
അഞ്ചൽ ആയൂർ റോഡിൽ പെരുങ്ങള്ളൂർ ഭാഗത്ത് തകർന്ന റോഡ് എൻ.കെ. പ്രേമചന്ദ്രൻ എം.പി. സന്ദർശിക്കുന്നു.

അഞ്ചൽ: അഞ്ചൽ-ആയൂർ റോഡ് തകരാൻ കാരണം നിർമ്മാണത്തിലെ പോരായ്മകളും അശാസ്ത്രീയതയുമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. റോഡ് പണി ആരംഭിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും മെല്ലെപ്പോക്ക് നയമാണ് കരാറുകാർ നടത്തുന്നത്. ഇത്തിക്കര ആറിന് സമീപമുള്ള ഈ റോഡ് കലുങ്ക് നിർമ്മാണത്തിന്റെ ഭാഗമായി പല ഭാഗങ്ങളിലും കുഴിച്ചിട്ടിട്ട് മാസങ്ങളായി. കുഴിച്ച ഭാഗങ്ങളിൽ വെള്ളം കയറിയാണ് റോഡ് ഒലിച്ചുപോയത്. കിഴക്കൻ മേഖലയിലേക്ക് പോകേണ്ട ആളുകളുടെ ഏക ആശ്രയം ഈ റോഡാണ്. അടിയന്തരമായി യാത്രാസൗകര്യം ഒരുക്കുന്നതിന് മണൽ ചാക്കുകളും പാറകളും നിരത്തി സഞ്ചാര യോഗ്യമാക്കണം. പ്രശ്നം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ വകുപ്പ് മന്ത്രിയുമായും ക്വിഫ്ബി അധികൃതരുമായും ബന്ധപ്പെട്ടിരുന്നുവെന്നും കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച പ്രേമചന്ദ്രൻ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ മന്ത്രി മുഹമ്മദ് റിയാസിനെയും കിഫ്ബി ഉദ്യോഗസ്ഥരെയും നേരിൽ കണ്ട് പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു. കരാറുകാരന്റെ വീഴ്ചകളാണ് പ്രശ്നത്തിന് മുഖ്യകാരണമെന്നും പ്രേമചന്ദ്രൻ പറ‌ഞ്ഞു. വിവിധ കക്ഷിനേതാക്കളായ സൈമൺ അലക്സ്, ലിജു ആലുവിള, എൻ.കെ. ബാലചന്ദ്രൻ, എം. നാസർഖാൻ, വിത്സൺ നെടുവിള, വി.ടി. സിബി എന്നിവരും പ്രേമചന്ദ്രനൊപ്പം ഉണ്ടായിരുന്നു.