പുനലൂർ: കല്ലടയാറിന്റെ തീരത്ത് വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് തെന്മല ഇക്കോ ടൂറിസത്തിന്റെ നേതൃത്വത്തിൽ ലക്ഷങ്ങൾ ചെലവഴിച്ച് പണിത കുടിലുകൾ തകർച്ചയിൽ. സമീപത്തെ കല്ലടയാറ്റ് തീരത്തെ മണ്ണിടിച്ചിലിനെ തുടർന്നാണ് കുടിലുകൾ തകർച്ചാ ഭീഷണി നേരിടുന്നത്. തെന്മല പരപ്പാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നതോടെ രൂപപ്പെട്ട വെള്ളമൊഴുക്കാണ് കുടിലുകൾക്ക് ഭീഷണിയായി മാറുന്നത്. ലക്ഷങ്ങൾ ചെലവഴിച്ച് ആറ്റ് തിരത്ത് കുടിലുകൾ പണിയുമ്പോൾ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും അധികൃതർ നിർമ്മാണം തുടരുകയായിരുന്നു. നിലവിൽ ആറ്റ് തീരത്ത് സ്ഥിതി ചെയ്യുന്ന അഞ്ച് കുടിലുകളിൽ വിനോദ സഞ്ചാരികളെ താമസിപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ആറ്റ് തീരം ഇടിഞ്ഞ് ഇറങ്ങിയതിനൊപ്പം കുടിലുകളുടെ സംരക്ഷണ വേലിയും തകർന്ന സ്ഥിതിയിലാണ്. സിമന്റ് കട്ടയും ഇരുമ്പ് കമ്പിയും ഉപയോഗിച്ച് എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ആറ്റ് തീരത്ത് കുടിലുകൾ നിർമ്മിച്ചത്.