photo
പുത്തൂരിൽ നിർമ്മിക്കുന്ന ഹൈടെക് മത്സ്യമാ‌ർക്കറ്റിന്റെ രൂപരേഖ

2.56 കോടി അനുവദിച്ചു

കൊല്ലം: പുത്തൂരിൽ ഹൈടെക് മത്സ്യമാർക്കറ്റിന്റെ നിർമ്മാണം ഉടൻ തുടങ്ങും. ഇതിന്റെ ഭാഗമായി നിലവിലുള്ള ചന്തയുടെ പ്രവർത്തനം മറ്റൊരിടത്തേക്ക് മാറ്റും. കിഫ്ബിയിൽ ഉൾപ്പെടുത്തി 2.56 കോടി രൂപയാണ് ഹൈടെക് മത്സ്യ മാർക്കറ്റിനായി അനുവദിച്ചിട്ടുള്ളത്. 5704 ചതുരശ്ര അടി വിസ്തീർണമുള്ള പ്രധാന കെട്ടിടവും 1938 ചതുരശ്ര അടി വിസ്തീർണമുള്ള മറ്റൊരു കെട്ടിടവും നിർമ്മിക്കും. 25 മത്സ്യ സ്റ്റാളുകൾ, ഉണക്കമീൻ വില്പയ്ക്കുള്ള രണ്ട് സ്റ്റാളുകൾ, 19 ചെറുകിട കച്ചവട കേന്ദ്രങ്ങൾ, ചിക്കൻ സ്റ്റാൾ, ഇറച്ചി സ്റ്റാൾ, വനിതകൾക്കും പുരുഷൻമാർക്കും പ്രത്യേക വിശ്രമ മുറികൾ, ടോയ്ലറ്റുകൾ എന്നിവ ഇവിടെയൊരുക്കും.

ഒരു വർഷത്തിനുള്ളിൽ നി‌ർമ്മാണം

മാലിന്യ സംസ്കരണ സംവിധാനങ്ങളും കുടിവെള്ളത്തിനുള്ള സംവിധാനങ്ങളും ഒരുക്കും. ഉള്ള സ്ഥലം പരമാവധി പ്രയോജനപ്പെടുത്തിയാകും നിർമ്മാണ പ്രവർത്തനങ്ങൾ. വാഹന പാർക്കിംഗിന് മറ്റ് ഇടങ്ങൾ കണ്ടെത്തേണ്ടി വരും. ഇതിനുള്ള ആലോചനയും നടത്തുന്നുണ്ട്. കുളക്കട ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ളതാണ് പുത്തൂർ മത്സ്യ ചന്ത. മന്ത്രി കെ.എൻ.ബാലഗോപാൽ ചന്ത നേരിട്ട് സന്ദർശിച്ചാണ് വികസനത്തിനുള്ള പദ്ധതി തയ്യാറാക്കിയത്. കഴിഞ്ഞ ദിവസം പ്രത്യേക യോഗം വിളിച്ച് മന്ത്രി തന്നെ പൊതു പ്രശ്നങ്ങൾ ചർച്ച ചെയ്യുകയുണ്ടായി. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഒരു മാസത്തിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് തീരുമാനം. ഒരു വർഷമെടുക്കും നി‌ർമ്മാണം പൂർത്തിയാകാൻ.

ചന്ത മറ്റൊരിടത്തേക്ക് മാറ്റും

നിലവിലുള്ള ചന്ത മറ്റൊരിടത്തേക്ക് മാറ്റി പ്രവ‌ർത്തിപ്പിക്കേണ്ടതുണ്ട്. നെടുവത്തൂർ, കുളക്കട, പവിത്രേശ്വരം പഞ്ചായത്തുകളുടെ സംഗമ സ്ഥലമാണ് പുത്തൂർ. നെടുവത്തൂർ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ പണ്ടുമുതലേ പ്രവർത്തിക്കുന്ന കാർഷിക ചന്തയിലേക്ക് മത്സ്യ ചന്ത തത്കാലം മാറ്റാമെന്ന നിലയിലാണ് ആലോചനകൾ. ഒരു വർഷം ഇവിടെ പ്രവർത്തിപ്പിക്കേണ്ടിവരും. സൗകര്യപ്രദമായ മറ്റ് ഇടങ്ങളുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.