കുണ്ടറ: കൊല്ലം തിരുമംഗലം ദേശീയപാതയിൽ കുണ്ടറ ആശുപത്രിമുക്ക് ഓട്ടോസ്റ്റാൻഡിനു സമീപം കുടിവെള്ള പൈപ്പ് പൊട്ടി മൂന്നു മാസമായി ജലം പാഴായിട്ടും പരിഹാരമുണ്ടാക്കാൻ ജല അതോറിട്ടി അധികൃതർ തയ്യാറാകുന്നില്ലെന്നു നാട്ടുകാരുടെ പരാതി. .
ഒന്നിടവിട്ട ദിവസങ്ങളിൽ വെള്ളം പമ്പ് ചെയ്യുമ്പോൾ ഇവിടെ പാഴാകുന്നത് ലിറ്റർ കണക്കിന് കുടിവെള്ളമാണ്. വെള്ളം പമ്പ് ചെയ്യുന്ന ദിവസങ്ങളിൽ ആശുപത്രി മുക്കിൽ നിന്നു മുക്കടയ്ക്ക് പോകുന്ന റോഡിന്റെ ഒരുവശം ചെറിയൊരു തോടിന് സമാനമാണ്. പ്രദേശത്തെ ഓട്ടോറിക്ഷ തൊഴിലാളികൾ നിരവധിതവണ വാട്ടർ അതോറിട്ടിയിൽ വിവരമറിയിച്ചെങ്കിലും കുടിവെള്ള പൈപ്പിന്റെ തകരാർ മാറ്റാൻ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. കുണ്ടറയിലെ പല പ്രദേശങ്ങളിലെയും ജനങ്ങൾ കുടിവെള്ളം പണം കൊടുത്തു വാങ്ങുന്ന അവസ്ഥ നിലനിൽക്കുമ്പോഴാണ് വാട്ടർ അതോറിട്ടിയുടെ അനാസ്ഥമൂലം കുടിവെള്ളം ദേശീയപാതയോരത്ത് പാഴാകുന്നത്. നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും നാട്ടുകാർ അറിയിച്ചു.