തൊടിയൂർ: പ്രതിദിന കൊവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തിയതോടെ ഭൂരിഭാഗം ആളുകളും കൊവിഡ് രോഗത്തെ മറന്ന മട്ടാണ്. രണ്ടാം വ്യാപനം അവസാനിച്ചിട്ടില്ലെന്ന് ആരോഗ്യ വിദഗ്‌ധർ തുടർച്ചയായി മുന്നറിയിപ്പ് നൽകുമ്പോഴും അവയെല്ലാം അവഗണിച്ച് മാസ്‌ക് പോലും ധരിക്കാതെ ആളുകൾ പരക്കം പായുന്നു.
കൊവിഡിന്റെ പ്രധാന പ്രതിരോധ മാർഗമാണ് മാസ്ക് കാര്യക്ഷമമായി ഉപയോഗിക്കുക എന്നത്. എന്നാലിപ്പോൾ പലക്കും മാസ്ക് ഒരവശ്യ വസ്തുവല്ലാതായി മാറുന്നു . പൊതു നിരത്തുകളിൽ മാസ്ക് ധരിക്കാതെ സഞ്ചരിക്കുന്നവരുടെ എണ്ണവും കൂടുന്നു. മാസ്ക് ഉപയോഗിക്കുന്നവർ ബഹുഭൂരിപക്ഷവും വേണ്ട വിധം ഉപയോഗിക്കുന്നില്ലെന്നതാണ് വസ്തുത. തുടക്കത്തിൽ ഇത്തരക്കാരെ പൊലീസ് പിടികൂടുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു. താടിയിലേക്ക് ഇറക്കി മാസ്ക് വച്ചവരിൽ നിന്ന് പോലും പിഴ ഈടാക്കിയിരുന്നു.
പൊലീസിനെ ഭയന്ന് പലരും അന്ന് മാസ്ക് കൃത്യമായി ധരിച്ചിരുന്നു. അതൊക്കെ പഴയങ്കഥ - ഇപ്പോൾ മാസ്ക് എങ്ങനെയും ധരിക്കാം. വേണമെങ്കിൽ ധരിക്കാതെയുമിരിക്കാം. പൊലീസോ മറ്റ് അധികൃതരോ ഒന്നും തന്നെ ഇപ്പോൾ ഇത് ചോദ്യം ചെയ്യില്ല.
കൊവിഡ് വ്യാപനം വർദ്ധിക്കും
മാസ്ക് ധരിക്കാതെയും പൊതു ഇടങ്ങളിൽ എത്തുന്നവർ മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്നു. കൊവിഡിന്റെ വ്യാപനം കുറഞ്ഞെങ്കിലും രോഗം പടരുന്ന സ്ഥിതി നിലനിൽക്കുന്നതിനാൽ മാസ്ക് ധരിക്കുന്ന കാര്യത്തിൽ വീട്ടുവീഴ്ച വരുത്തരുതെന്ന് ആളുകളെ ബോധ്യപ്പെടുത്താൻ ആധികൃതർ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അല്ലെങ്കിൽ ചിലരുടെ അശ്രദ്ധകാരണം കൊവിഡ് വ്യാപനം വർദ്ധിക്കാനുള്ള സാഹചര്യമാണുള്ളത്.