പത്തനാപുരം: വീടുകയറി അമ്മയെയും മകളെയും അക്രമിച്ച കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പുന്നല കരിമ്പാലൂർ ബിനു ഭവനിൽ ബിനു ( 36), പുന്നല കരിമ്പാലൂർ കണ്ണങ്കാവ് പ്ലാവിള വീട്ടിൽ പ്രിൻസ് രാജ് (36), പത്തനാപുരം പിടവൂർ സന്ധ്യ ഭവനത്തിൽ ശ്യാം (22) , ക്ളാവോട് പാലവിള പുത്തൻ വീട്ടിൽ ശശി (48) എന്നിവരെയാണ് പത്തനാപുരം പൊലീസ് എസ് .എച്ച്. ഒ എൻ. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കരിമ്പാലൂർ ദേവു ഭവനത്തിൽ സുലോചനയെയും മകൾ ദേവുവിനെയുമാണ് ആറംഗ സംഘം വീട്ടിൽ കയറി മർദ്ദിച്ചത്. നിരവധി കേസുകളിലെ പ്രതികളാണിവരെന്ന് പൊലീസ് പറഞ്ഞു. പ്രാണരക്ഷയ്ക്കായി സുലോചനയും മകളും അഭയം തേടിയ സമീപ വാസിയായ രാധിക ഭവനത്തിൽ ബാഹുലേയന്റെ വീട്ടിൽ കയറിയും മാരകായുധങ്ങളുമായി എത്തി ഇവർ അക്രമണവും ഭീഷണിയും നടത്തി. അക്രമണത്തിൽ പരിക്ക് പറ്റിയ സുലോചനയും മകൾ ദേവുവും പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.