കൊല്ലം: പ്രമുഖ കാഥികനും ഭാഷാ പണ്ഡിതനും കവിയുമായിരുന്ന പ്രൊഫ. കടയ്ക്കോട് വിശ്വംഭരന്റെ സ്മരണാർത്ഥം കടയ്ക്കോട് വിശ്വംഭരൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരങ്ങൾക്ക് കാഥികൻ പ്രൊഫ.വി.ഹർഷകുമാറും കവി ഡോ.സി.രാവുണ്ണിയും അർഹരായി. കഥാപ്രസംഗ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്ക്കാരമാണ് ഹർഷകുമാറിന് നൽകുക. പ്രശസ്ത സാഹിത്യകാരൻ അശോകൻ ചരുവിൽ ചെയർമാനും ഡോ.വസന്തകുമാർ സാംബശിവൻ, ബി.സാംബശിവൻ എന്നിവർ അംഗങ്ങളുമായുള്ള വിധി നിർണയ സമിതിയാണ് ഹർഷ കുമാറിനെ തിരഞ്ഞെടുത്തത്.കടയ്ക്കോട് വിശ്വംഭരന്റെ പേരിലുള്ള പ്രഥമ കവിതാ പുരസ്കാരത്തിനാണ് രാവുണ്ണി അർഹനായത്. കറുത്ത വറ്റേ, കറുത്ത വറ്റേ എന്ന കവിതാ സമാഹാരത്തിനാണ് അവാർഡ്. കുരീപ്പുഴ ശ്രീകുമാർ ചെയർമാനും ഡോ.സി.ഉണ്ണികൃഷ്ണൻ, പെരുമ്പുഴ ഗോപാലകൃഷ്ണ പിളള എന്നിവർ അംഗങ്ങളുമായ സമിതിയാണ് കവിതാ പുരസ്ക്കാരം നിർണയിച്ചത്. 23-ന് വൈകിട്ട് 3ന് എഴുകോൺ കോളന്നൂരിലെ സ്മൃതി മണ്ഡപത്തിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ പുരസ്കാരങ്ങൾ സമ്മാനിക്കും. സംസ്ഥാന തലത്തിൽ ഓൺലൈനായി നടന്നുവരുന്ന കഥാപ്രസംഗ മത്സരത്തിലെ വിജയികൾക്ക് ഈ ചടങ്ങിൽ സമ്മാനങ്ങൾ നൽകും. വിവിധ മേഖലകളിലെ പ്രതിഭകളെയും ചടങ്ങിൽ ആദരിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ എഴുകോൺ സന്തോഷും ജനറൽ സെക്രട്ടറി വി.സന്ദീപും അറിയിച്ചു.