f
തങ്കശേരി കോട്ട

വരുന്നു 10 കോടിയുടെ പദ്ധതി

കൊല്ലം: വൈദേശികാധിപത്യത്തിന്റെ ഉയർച്ച താഴ്ചകൾക്ക് സാക്ഷിയായ തങ്കശേരിയുടെ പൈതൃകം പുനസൃഷ്ടിക്കാൻ 10 കോടിയുടെ പദ്ധതി വരുന്നു. സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ രൂപരേഖ തയ്യാറാക്കൽ ജോലികൾക്ക് തുടക്കമായി.

പോർച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും ബ്രിട്ടീഷുകാരുടെയും താവളമായിരുന്ന തങ്കശേരിയുടെ പൗരാണികത നിലനിറുത്തി മനോഹരമായ തെരുവാക്കുകയാണ് ലക്ഷ്യം.1936ൽ ബ്രിട്ടീഷുകാർ നിർമ്മിച്ച കാവൽ ആർച്ച് ആണ് ചരിത്ര സ്മാരകങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്. ബ്രിട്ടീഷ് ആധിപത്യത്തിലായിരുന്ന തങ്കശേരിയെയും രാജഭരണത്തിലായിരുന്ന തിരുവിതാംകൂറിനെയും അതിരിട്ടിരുന്ന ഈ ആർച്ച് ഇപ്പോൾ ജീർണാവസ്ഥയിലാണ്.

വിദേശ ആധിപത്യത്തിന്റെ മറ്റൊരു സ്മാരകമാണ് ബ്രിട്ടീഷുകാർ നിർമ്മിച്ച എക്സിക്യുട്ടീവ് മജിസ്‌ട്രേറ്റ് കെട്ടിടം. ഇപ്പോൾ പോസ്റ്റ്‌ ഓഫീസായി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ജയിൽ വരെ ഉണ്ടായിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കെട്ടിടം പുനരുദ്ധരിച്ചു ചരിത്ര മ്യൂസിയമാക്കി മാറ്റും. ബ്രിട്ടീഷുകാരുടെയും ഡച്ചുകാരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചിരുന്ന സെമിത്തേരി കാടു കയറി ആരും ശ്രദ്ധിക്കാത്ത ഇടമായി. ഇതു പുനരുദ്ധരിച്ചു ചെടികൾ വച്ചു പിടിപ്പിച്ച് മനോഹരമാക്കും. എം. മുകേഷ് എം.എൽ.എയുടെ ശ്രമഫലമായി ആദ്യ ഘട്ടത്തിൽ രണ്ടു കോടി രൂപ സർക്കാർ അനുവദിച്ചു.

പദ്ധതി ഇങ്ങനെ

 കാവൽ ആർച്ച് മുതൽ തങ്കശേരി വരെ റോഡ് നവീകരണം

 റോഡിന് സൗന്ദര്യമേകാൻ അലങ്കാര വിളക്കുകൾ

 കാവൽ ആർച്ച് ഗേറ്റ് നവീകരണം

 എക്സിക്യുട്ടീവ് മജിസ്‌ട്രേറ്റ് കെട്ടിടം.ചരിത്ര മ്യൂസിയമാക്കും

..........................

വിശാലമായ ചരിത്രം

കൊല്ലം നഗരകേന്ദ്രത്തിൽ നിന്നു നാലു കിലോമീറ്റർ അകലെയാണ് തങ്കശേരി. നൂറ്റാണ്ടുകളായി വിദേശ രാജ്യങ്ങളുമായി വ്യാപാരബന്ധം ഉണ്ടായിരുന്ന നാട്. പോർച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും പിന്നീട് ബ്രിട്ടീഷുകാരുടെയും താവളമായിരുന്നു. ഡച്ച് കോട്ടയുടെ അവശിഷ്ടങ്ങൾ തങ്കശേരിയിൽ കാണാം. പൊളിഞ്ഞുവീഴാറായ ചില ഭാഗങ്ങൾ മാത്രമേ ഇന്ന് ബാക്കിയുള്ളൂ. തങ്കശേരിയിൽ ഇന്നും ആംഗ്ലോ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾ താമസിക്കുന്നുണ്ട്. പുരാതന ആംഗ്ലോ ഇന്ത്യൻ ബംഗ്ലാവുകൾ തങ്കശേരിയിൽ ഉണ്ടായിരുന്നു. മൂന്നു ബംഗ്ലാവുകൾ ഇപ്പോഴും കാഴ്ചയിൽ സുന്ദരമാണ്. തങ്കശേരിയിലെ ലൈറ്റ്‌ഹൗസാണ് മറ്റൊരു ആകർഷണീയത്.

........................

 ₹ 10 കോടി: തങ്കശേരി പൈതൃക പദ്ധതിക്ക് അനുവദിച്ച തുക

 99 ഏക്കർ: തങ്കശേരിയുടെ വിസ്തൃതി

 502 വർഷം: തങ്കശേരി ചരിത്രത്തിന്റെ പഴക്കം

.........................