csb-
സി.എസ്.ബി കൊല്ലം ശാഖയുടെ മുന്നിൽ നടന്ന ധർണ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറിയും സംയുക്ത സമരസമിതി ചെയർമാനുമായ ജി. ബാബു ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സി.എസ്.ബി ബാങ്ക് ജീവനക്കാരും ഓഫീസർമാരും നടത്തുന്ന പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗ്രാമീണ, സഹകരണ, സ്വകാര്യ, പൊതുമേഖലാ ബാങ്ക് ജീവനക്കാർ ഇന്നു സംസ്ഥാനതലത്തിൽ പണിമുടക്കും. സി.എസ്.ബി ബാങ്കിന്റെ ജനകീയ സ്വഭാവം പുന:സ്ഥാപിക്കുക, വിദേശ ബാങ്ക് ആയതോടെ കൈക്കൊള്ളുന്ന പ്രതികാര നടപടികൾ പിൻവലിക്കുക, വ്യവസായതല വേതന പരിഷ്കരണം ബാങ്കിൽ നടപ്പാക്കുക, കരാർ ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കുകയും അവരെ സ്ഥിരപ്പെടുത്തുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരളത്തിലെ ബാങ്ക് ജീവനക്കാർ ഇന്നു പണിമുടക്കുന്നത്. സി.എസ്.ബി ബാങ്കിലെ പണിമുടക്കിന്റെ രണ്ടാം ദിവസമായിരുന്ന ഇന്നലെ ജില്ലയിലെ ശാഖകളുടെ പ്രവർത്തനം പൂർണമായും സ്തംഭിച്ചു. പണിമുടക്കിയ ജീവനക്കാർ ശാഖകളുടെ മുന്നിൽ പ്രകടനം നടത്തി.
കൊല്ലം ശാഖയുടെ മുന്നിൽ നടന്ന പ്രകടനവും ധർണയും എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറിയും സംയുക്തസമരസമിതി ചെയർമാനുമായ ജി. ബാബു ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറിയും സംയുക്തസമരസമിതി വൈസ് ചെയർമാനുമായ കോതേത്ത് ഭാസുരൻ, ജി. മോഹൻദാസ് (എ.ഐ.ടി.യു.സി), എം.എം. അൻസാരി (രക്ഷാധികാരി, സമരസമിതി), സമരസമിതി നേതാക്കളായ യു. ഷാജി, എസ്. രതീഷ്, അമൽ ദാസ് തുടങ്ങിയവർ സംസാരിച്ചു. ഇന്ന് രാവിലെ 9ന് സി.എസ്.ബി ശാഖയിൽ നിന്ന് റാലിയും ചിന്നക്കടയിൽ ധർണയും സംഘടിപ്പിക്കും.