കൊല്ലം: ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയതിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പുലർത്തണമെന്ന് കളക്ടർ അഫ്സാനാ പർവീൺ അറിയിച്ചു. 25വരെ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ ഇടിമിന്നലുണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ഇടിമിന്നലിന്റെ ആദ്യലക്ഷണം കണ്ടാലുടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്കുമാറണം. നിർമ്മാണ മേഖലയിലുള്ളവർ ജോലി താത്കാലികമായി നിറുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറണം.
ഇടിമിന്നലുണ്ടായാൽ
തുറസായ സ്ഥലങ്ങളിൽ നിൽക്കരുത്
ജനലും വാതിലും അടച്ചശേഷം അവയ്ക്കടുത്ത് നിന്ന് മാറണം. കെട്ടിടത്തിനകത്ത് ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കുന്നതാണ് ഉചിതം
ഗൃഹോപകരണങ്ങളുടെ വൈദ്യുതിബന്ധം വിച്ഛേദിക്കണം, സാമീപ്യവും ഒഴിവാക്കണം
കുട്ടികളെ തുറസായ സ്ഥലത്തും ടെറസിലും കളിക്കാൻ അനുവദിക്കരുത്
വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്
വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യരുത്. ഇടിമിന്നലുള്ളപ്പോൾ വാഹനത്തിനകത്ത് തുടരണം. കൈകാലുകൾ പുറത്തിടരുത്
സൈക്കിൾ, ബൈക്ക് തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കണം
തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തേക്കോ പോകരുത്.
ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങരുത്
മത്സ്യബന്ധനം, ബോട്ടിംഗ് തുടങ്ങിയവ ഒഴിവാക്കണം
പട്ടം പറത്തരുത്. ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കരുത്
വളർത്തുമൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്
ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, വൈദ്യുതി പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയ്ക്ക് അരികിൽ നിൽക്കരുത്
ശക്തമായ കാറ്റിനുകൂടി സാദ്ധ്യതയുള്ളതിനാൽ ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറണം
വൈദ്യുതി കമ്പികൾ പൊട്ടിവീഴാനുള്ള സാദ്ധ്യത മുന്നിൽക്കണ്ട് പത്രം, പാൽ വിതരണക്കാർ ഉൾപ്പെടെ അതിരാവിലെ ജോലിക്കിറങ്ങുന്നവർ ജാഗ്രത പാലിക്കണം.
ടോൾ ഫ്രീ നമ്പറുകൾ
കെ.എസ്.ഇ.ബി: 1912
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി: 1077