കൊല്ലം: ജില്ലാ ആശുപത്രിയിലെ താത്‌കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റിപ്പോർട്ട്‌ ചെയ്യണമെന്ന ആവശ്യമുയർത്തി യുവമോർച്ചയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തി. ആശുപത്രിക്ക് മുന്നിൽ പൊലീസ് പ്രവർത്തകരെ തടഞ്ഞതോടെ ഉന്തുംതള്ളുമുണ്ടായി. തുടർന്ന് പ്രവർത്തകരിൽ ചിലർ മതിൽ ചാടിക്കടന്ന് സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിലെത്തി പ്രതിഷേധസമരം നടത്തി. പ്രവർത്തകരെ പൊലീസ് അറസ്റ്റ്ചെയ്തു നീക്കി. യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ വിഷ്ണു പട്ടത്താനം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറിമാരായ പി. അഖിൽ, അജിത് ചോഴത്തിൽ, ജില്ലാ ഭാരവാഹികളായ ജമുൻ ജഹാംഗീർ, ബബുൽ ദേവ്, ദീപുരാജ്, മഹേഷ്‌ മണികണ്ഠൻ, കൊല്ലം മണ്ഡലം പ്രസിഡന്റ്‌ പ്രണവ് താമരക്കുളം, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഗോപകുമാർ, അഭിലാഷ്, അർജുൻ മോഹൻ, മണ്ഡലം നേതാക്കളായ അരുൺ പന്മന, സൂരജ് സോമൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.