f
കർബല റോഡ്

ഞാങ്കടവ് പദ്ധതിക്കായി കുഴിച്ച റോഡുകളിലൂടെയുള്ള യാത്ര നരകസമാനം

കൊല്ലം: ഞാങ്കടവ് കുടിവെള്ള പദ്ധതിക്കായി പൈപ്പുകൾ സ്ഥാപിക്കാൻ നഗരത്തിലെ റോഡുകൾ വെട്ടിപ്പൊളിച്ചിട്ട് പൂർവ സ്ഥിതിയിലാക്കാനോ അറ്റകുറ്റപ്പണി നടത്താനോ അധികൃതർ തയ്യാറാകാത്തതിനാൽ നഗര റോഡുകളിലൂടെയുള്ളയാത്ര നരകപൂർണമാകുന്നു. പൈപ്പുകൾ സ്ഥാപിച്ചശേഷം മണ്ണിട്ട് മൂടിയതല്ലാതെ മറ്റൊന്നും ചെയ്യാൻ ഇതുവരെ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ശക്തമായ മഴകൂടി പെയ്തതോടെ ചിലയിടങ്ങളിൽ മണ്ണ് താഴ്ന്ന് കുഴികൾ രൂപപ്പെട്ട് വെള്ളക്കെട്ടായിരിക്കുകയാണ്. ദിനംപ്രതി നിരവധി യാത്രക്കാർ സഞ്ചരിക്കുന്ന റെയിൽവേ സ്റ്റേഷൻ - അയത്തിൽ റോഡിലൂടെയുള്ള യാത്രയാണ് ഏറ്റവും ദുഷ്കരമെന്ന് യാത്രക്കാർ പറയുന്നു.

യാത്രാബസുകൾ സമയമക്രമം പാലിക്കാൻ അമിത വേഗത കൂടിയെടുക്കുന്നതിനാൽ കുഴികളിൽ വീണ് യാത്രക്കാർക്ക് ദേഹാസ്വാസ്ഥ്യം വരെയുണ്ടായ സംഭവങ്ങളും നിരവധിയാണ്. റോഡിന്റെ മദ്ധ്യഭാഗത്താണ് കുഴിയെടുത്തത് എന്നതിനാൽ ഈ ഭാഗം ഒഴിവാക്കി വാഹനം ഓടിക്കാനും ബുദ്ധിമുട്ടാണ്. ഇരുചക്രവാഹനയാത്രക്കാരാണ് ഏറ്റവുംകൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നത്. വ്യാപാര മേഖലകളായ താമരക്കുളം, ചാമക്കട, ലക്ഷ്മിനട എന്നിവിടങ്ങളിലൂടെയുള്ള യാത്രയും സമാനമായ അവസ്ഥയിൽ തന്നെയാണ്. യാത്രക്കാരും നാട്ടുകാരും വ്യാപാരികളും ഉൾപ്പടെ പ്രതിഷേധസ്വരം ശക്തമാക്കിയിട്ടും കണ്ണടച്ച് ഇരുട്ടാക്കുകയാണ് അധികൃതർ.

അടുത്ത കുഴി കളക്ടറേറ്റ് ഭാഗത്ത്

പൈപ്പുകൾ സ്ഥാപിക്കാൻ കുഴികളെടുത്തതിന് ശേഷം മാസങ്ങൾ പിന്നിട്ട സ്ഥലങ്ങൾ പോലും പൂർവസ്ഥിതിയിലാക്കാനാവാത്ത അധികൃതർ അടുത്ത ഘട്ടത്തിൽ കുഴിയെടുക്കുന്നത് കളക്ടറേറ്റ് ഭാഗത്താണ്. കളക്ടറേറ്റിന് പടിഞ്ഞാറുഭാഗത്തുള്ള ടാങ്കിൽ വെള്ളം എത്തിക്കുന്നതിനായാണ് ആ ഭാഗത്ത് പൈപ്പുകൾ സ്ഥാപിക്കുന്നത്. ഇത്തരത്തിൽ ആ ഭാഗംകൂടി കെടുകാര്യസ്ഥതയോടെയുള്ള സമീപനത്തിൽ വെട്ടിപ്പൊളിച്ചാൽ വലിയ ബുദ്ധിമുട്ടാവും യാത്രക്കാർക്കാർക്കുണ്ടാവുക.

കരാറിലുണ്ട്, പ്രവൃത്തിയിലില്ല

പൊതുമരാമത്തുറോഡുകൾ വെട്ടിപ്പൊളിച്ച് പൈപ്പുകൾ സ്ഥാപിച്ചതിനുശേഷം റോഡ് പൂർവസ്ഥിതിയിലാക്കി നൽകണമെന്നാണ് വ്യവസ്ഥ. അത്തരം പ്രവൃത്തികൾ കൂടി നടത്തുന്നതിനായി എസ്റ്റിമേറ്റിൽ തുക വകയിരിത്തിയിട്ടുമുണ്ട്. എന്നാൽ പല റോഡുകളും വെട്ടിപ്പൊളിച്ച ശേഷം അത്തരം പ്രവൃത്തികൾ നടത്താറില്ലെന്നതാണ് യാഥാർത്ഥ്യം.

ഈ റോഡുകൾ നടുവൊടിക്കും

1. അയത്തിൽ - ചെമ്മാൻമുക്ക് - റെയിൽവേ സ്റ്റേഷൻ

2. ക്യു.എ.സി റോഡ്

3. ഡി.സി.സി ഓഫീസ് - ബെൻസിഗർ

4. താമരക്കുളം - ചാമക്കട

5. കല്ലുപാലം - ലക്ഷ്മിനട - അമ്മച്ചിവീട്

പൈപ്പുകൾ സ്ഥാപിക്കാനായി ഇനി കുഴിക്കുന്നത്

1. എ.ആർ. ക്യാമ്പ് - റെയിൽവേ ഗേറ്റ് - ഡി.സി.സി ഓഫീസ്

2. അമ്മച്ചിവീട് - ഗണപതി ക്ഷേത്രം - കളക്ടറേറ്റിന് പടിഞ്ഞാറേ ഗേറ്റ് വരെ