കൊല്ലം: കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രി പരിസരത്ത് ആംബുലൻസ് ഡ്രൈവർമാർ ഡ്രൈവർമാർ തമ്മിലുണ്ടായ സംഘട്ടനം ആശുപത്രിയിലേക്ക് വ്യാപിക്കുകയും മൂന്നു ഡ്രൈവർമാർക്ക് കുത്തേൽക്കുകയും ചെയ്തു. കുന്നിക്കോട് സ്വദേശി ചക്കുപാറ വിഷ്ണു, സഹോദരൻ വിനീത് (ശിവൻ), കുന്നിക്കോട് മിച്ചഭൂമി സ്വദേശി രാഹുൽ എന്നിവർക്കാണ് കുത്തേറ്റത്. കൊട്ടാരക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന സിദ്ദിഖിന് മർദ്ദനത്തിൽ സാരമായ പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച വൈകിട്ടാണ് സംഭവങ്ങൾക്ക് തുടക്കം.

ആംബുലൻസ് ഡ്രൈവർമാർക്കിടയിൽ നേരത്തെയുണ്ടായിരുന്ന വാക്കുതർക്കം പരിഹരിക്കാനായി സിദ്ദിഖിനെയും സുഹൃത്ത് ഹാരിസിനെയും കുന്നിക്കോട്ടേക്ക് എതി‌ർകക്ഷികൾ വിളിപ്പിച്ചിരുന്നു. ഇവിടെവച്ച് ഇരുവിഭാഗവും വീണ്ടും തർക്കമുണ്ടായത് കയ്യാങ്കളിയിലെത്തി. സിദ്ദിഖിന് മർദ്ദനത്തിൽ സാരമായി പരിക്കേറ്റു. പരിക്കേറ്റ സിദ്ദിഖിനെ കൊട്ടാരക്കര പുലമണിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് ശേഷം ഇരുകൂട്ടരിലും ഉൾപ്പെട്ടവർ വീണ്ടും ഒത്തുതീർപ്പ് ശ്രമം നടത്തി. തുടർന്ന് വിഷ്‌ണുവും വിനീതും അടങ്ങുന്ന സംഘത്തെ കൊട്ടാരക്കരയിലേക്ക് വിളിപ്പിച്ചു. സിദ്ദിഖ് ചികിത്സയിൽ കഴിയുന്ന ആശുപത്രിയുടെ പരിസരത്തുവച്ച് ചർച്ച നടക്കുന്നതിനിടെ അടിപിടിയായി. ഇരു വിഭാഗത്തിലുമായി മുപ്പതിൽപ്പരം ആളുകൾ ഉണ്ടായിരുന്നു. സംഘർഷത്തിനിടെ കല്ലു കൊണ്ട് ചിലരെ ഇടിച്ചു. സമീപത്തുണ്ടായിരുന്ന നോ പാർക്കിംഗ് ബോർഡ് ഉപയോഗിച്ചും അടിച്ചു. തുടർന്നാണ് കത്തിക്കുത്തുണ്ടായത്. കുത്തേറ്റ് ആശുപത്രിയിലേക്ക് ഓടിക്കയറിയ രാഹുലിനെ പിന്തുടർന്നെത്തി വീണ്ടും ആക്രമിച്ചു. ഓപ്പറേഷൻ തിയേറ്ററിലും പ്രസവ മുറിയിലുമൊക്കെ കയറി രാഹുൽ രക്ഷപ്പെടാൻ ശ്രമിച്ചു. ആശുപത്രിയുടെ ഉപകരണങ്ങളും ചില്ലുകളും അക്രമിസംഘം തകർത്തു. ഏറെക്കഴിഞ്ഞാണ് പൊലീസ് എത്തിയത്. അപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. അവശനിലയിലായ രാഹുലിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും വിഷ്ണു, വിനീത് (ശിവൻ) എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ കൊട്ടാരക്കര പൊലീസ് അറസ്റ്റുചെയ്തു. 1,37,000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതരുടെ പരാതി.