road
റോഡ്

കൊല്ലം: ബൈക്കിൽ പോയാൽ തെന്നിമറിയും . കാൽനടയാണേൽ ചെളിക്കുണ്ടിൽ പുതയും. പുത്തൂർ വാണിവിള- തടത്തിൽമുക്ക് റോഡിലെ ദുരിതയാത്രയെ ശപിക്കുകയാണ് നാട്ടുകാർ. പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലുൾപ്പെടുന്നതാണ് റോഡ്. റോഡിന്റെ ടാറിംഗ് വേളയിൽ പായിക്കോണം ഭാഗത്തായി കുറച്ചുഭാഗം ഒഴിച്ചിട്ടിരുന്നു. ഇവിടമാണിപ്പോൾ ചെളിക്കുണ്ടായി മാറിയത്. ഇറക്കമുള്ള ഇവിടെ ചെളിയിൽ തെന്നി നിരവധി ഇരുചക്ര വാഹനങ്ങൾ മറിയുകയുണ്ടായി.

പൈപ്പിടാൻ കുഴിച്ചതും വിനയായി

ജലനിധി പദ്ധതിയുടെ ഭാഗമായി ഇവിടെ റോഡിന് കുറുകെ കുഴിയെടുത്തിരുന്നു. പൈപ്പ് ഇട്ടുവെങ്കിലും എടുത്ത കുഴികൾ വേണ്ടുംവിധം നികത്തി കോൺക്രീറ്റ് ചെയ്തിട്ടില്ല. മഴക്കാലമായതിനാൽ ഇവിടുത്തെ മണ്ണ് ഒലിച്ചുപോവുകയും ഉള്ളത് ചെളിക്കുണ്ടായി മാറുകയും ചെയ്തിട്ടുണ്ട്.

അധികൃതർ ഇടപെടുന്നില്ല

മഴ പെയ്തതോടെയാണ് സ്ഥിതി കൂടുതൽ ദുരിതത്തിലായത്. വാണിവിള പ്രധാന റോഡിൽ വെള്ളം കയറിയതിനാൽ വാണിവിള- തടത്തിൽ റോഡിനെ കൂടുതൽപേർ ആശ്രയിക്കുന്നുണ്ട്. പരിചയമില്ലാത്തവർ ഇതുവഴി പോയാൽ അപകടത്തിൽപ്പെടുമെന്നുറപ്പാണ്. സ്കൂൾ തുറന്നാൽ വാണിവിള ഗവ.എൽ.പി സ്കൂളിലെ കുട്ടികൾ പോകുന്നത് ഈ വഴിയിൽകൂടിയാണ്. സ്കൂൾ തുറക്കുംമുൻപെങ്കിലും പരിഹാരമുണ്ടാക്കണമെന്നാണ് പൊതു ആവശ്യം. പ്രദേശത്തെ ക്ഷീരകർഷകരും ബുദ്ധിമുട്ടിലാണ്. ക്ഷീരസംഘത്തിലേക്ക് പാലുമായി പോകുന്നവഴി മറിഞ്ഞുവീണ് പാൽ റോഡിൽ തെറിച്ച സംഭവവും ഉണ്ടായി. ഇത്തരത്തിൽ യാത്രാദുരിതം ഓരോ ദിനവും ഏറിവരികയാണ്. സ്ഥിതി കൂടുതൽ ദയനീയമാകുമ്പോഴും അധികൃതർ വേണ്ടത്ര ജാഗ്രത കൈക്കൊള്ളുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കരിങ്കൽ ക്വാറി വേസ്റ്റ് ഇട്ടാൽ അത്യാവശ്യയാത്രയ്ക്ക് ഉപകരിക്കും.