പുനലൂർ: പട്ടണത്തിലൂടെ ഒഴുകുന്ന വെട്ടിപ്പുഴ തോട് മാലിന്യവാഹിയായി മാറിയിട്ടും അധികൃതർക്ക് കുലുക്കമില്ല. കൊവിഡ് ഉൾപ്പടെയുള്ള രോഗങ്ങൾ വ്യാപകമായിട്ടും തോട് സംരക്ഷിക്കാൻ അധികൃതർ തയ്യാറാകാത്തത് വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നു. സമീപത്തെ വ്യാപാരശാലകളിൽ നിന്ന് പുറന്തള്ളപ്പെടുന്ന മാലിന്യങ്ങൾ എല്ലാം വെട്ടിപ്പുഴ തോട്ടിലാണ് തള്ളുന്നത്. വെട്ടിപ്പുഴയിലെ എം.എൽ.എ റോഡിലൂടെ കാൽനടയായി കടന്നു പോകുന്നവർക്ക് മാലിന്യം നിറഞ്ഞ തോടിടുലെ ദുർഗന്ധം സഹിക്കാനാവില്ല.
തോടിന്റെ ദുരവസ്ഥ കാണാതെ നഗരസഭ
രണ്ട് വർഷം മുമ്പ് ശുചീകരിച്ച തോട്ടിൽ കാട് വളർന്ന് ഉയർന്നതിനൊപ്പമാണ് മാലിന്യങ്ങളും നിറഞ്ഞിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി പെയ്യുന്ന കനത്ത മഴയിൽ ഒഴുകിയെത്തിയ മാലിന്യം തോട്ടിൽ കുന്ന് കൂടിയത് സമീപവാസികളായ താമസക്കാർക്ക് ബുദ്ധിമുട്ടായി. കഴിഞ്ഞ മാസം ഒരു ബൈക്ക് യാത്രികൻ തോട്ടിൽ വീണതിനെ തുടർന്ന് പൊലീസ് സ്റ്റേഷന് സമീപത്തെ വെട്ടിപ്പുഴ തോടിന്റെ ഭാഗം കൈതോട് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ വൃത്തിയാക്കിയിരുന്നു. എന്നാൽ നഗരസഭ കാര്യാലയത്തിന് സമീപത്തുകൂടി ഒഴുകുന്ന വെട്ടിപ്പുഴ തോടിന്റെ ഭാഗം ശുചികരിച്ചിട്ടില്ല .
നഗരത്തിൽ എങ്ങും മാലിന്യം
നഗരസഭയുടെ നിയന്ത്രണത്തിലുള്ള ശ്രീരാമപുരം മാർക്കറ്റിൽ നിന്നുള്ള മാലിന്യം നിറഞ്ഞ ഓട വെട്ടിപ്പുഴതോട് വഴി കല്ലടയാറ്റിലാണ് എത്തുന്നത്. നഗരത്തിൽ എങ്ങും മാലിന്യം നിറഞ്ഞ ജലസ്രോതസുകളും മാലിന്യക്കൂമ്പാരങ്ങളും നിറയുമ്പോഴും മാലിന്യമുക്ത നഗരസഭ എന്ന അവാർഡും സ്വന്തമാക്കിയിരിക്കുകയാണ് ഭരണധികാരികൾ. മാലിന്യം നിറഞ്ഞ വെട്ടിപ്പുഴ തോട് ശുചീകരിക്കണമെന്നാവശ്യവുമായി സാമൂഹ്യ സാംസ്കാരിക സംഘടനകളും പ്രകൃതി സ്നേഹികളും പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു.