കരുനാഗപ്പള്ളി : കൊതിമുക്ക് വട്ടക്കായലിന്റെ തീരം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുന്നു. കരുനാഗപ്പള്ളി നഗരസഭയുടെയും പൊന്മന ഗ്രാമപഞ്ചായത്തിന്റെയും പരിധിയിലാണ് കൊതിമുക്ക് വട്ടക്കായലുള്ളത്. 400 ഏക്കർ വിസ്തൃതിയിലാണ് കായൽ വ്യാപിച്ച് കിടക്കുന്നത്. വിശാലമായി കിടക്കുന്ന കായൽ തീരവും വളർന്ന് പന്തലിച്ച് നിൽക്കുന്ന പുൽക്കാടുകളുമാണ് സാമൂഹ്യ വിരുദ്ധർക്ക് തുണയാകുന്നത്. വട്ടക്കായലിൽ അവസാനിക്കുന്ന ഒന്നാം തഴത്തോടിന്റെ കിഴക്ക് ഭാഗത്ത് ആൾ താമസം ഇല്ലാത്തതും ഇവർക്ക് സൗകര്യമായി.
ലഹരിമരുന്നുപയോഗവും
ടൈറ്റാനിയം ഫാക്ടറിയിലേക്കുള്ള റെയിൽവേ പാത കടന്ന് പോകുന്നിടത്താണ് കൊതിമുക്ക് വട്ടക്കായൽ. റെയിൽ പാത കമ്പനി ഉപയോഗിക്കാതെ വന്നതോടെ ഇവിടെല്ലാം കാട് പിടിച്ച് കിടക്കുകയാണ്. ഒരു പതിറ്റാണ്ടിന് മുമ്പ് ടൈറ്റാനിയം കമ്പനി അധികൃതർ റെയിൽപ്പാതയുടെ വശങ്ങളിൽ പറങ്കിമാവുകളുമുണ്ട്. ഇവിടെ ആളുകൾ നിന്നാൽ പോലും ദൂരെയുള്ളവർക്ക് കണാൻ കഴിയുകയില്ല. ഇവിടേയ്ക്കാണ് കഞ്ചാവ് ഉൾപ്പടെയുള്ള ലഹരിമരുന്നുകളുമായി ആളുകൾ എത്തുന്നത്. രാവിലെയും രാത്രി യിലും ധാരാളം ചെറുപ്പക്കാർ പല വഴികളിലൂടെ ഇവിടെ എത്തുന്നുണ്ട്.
പൊലീസ് ഇടപെടലുണ്ടാവണം
നാട്ടുകാരുടെ പരാതിയെ തുടർന്ന് മുൻ കാലങ്ങളിൽ കരുനാഗപ്പള്ളി പൊലീസ് വല്ലപ്പോഴും ഇവിടെ പരിശോധനക്കായി എത്തുമായിരുന്നു. പൊലീസ് വരുന്നതോടെ പലരും റെയിൽപ്പാലം വഴി തെക്കോട്ട് രക്ഷപെടും. ചവറ പൊലീസാണ് വരുന്നതെങ്കിൽ വടക്കോട്ടുള്ള റോഡ് മാർഗം രക്ഷപെട്ട് കരുനാഗപ്പള്ളി ടൗണിൽ എത്തിച്ചേരും. കരുനാഗപ്പള്ളി, ചവറ പൊലീസ് സംയുക്തമായി നടത്തുന്ന പരിശോധനയിലൂടെ മാത്രമേ ഇക്കൂട്ടരെ അമർച്ച ചെയ്യാൻ കഴിയുകയുള്ളു എന്നാണ് നാട്ടുകാർ പറയുന്നത്. . ഇതിന് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തെ കൂടി ഉൾക്കൊള്ളിച്ചാൽ ഇവരുടെ ഒളി സങ്കേതം മുൻകൂട്ടി കണ്ടെത്താൻ കഴിയും.