കൊല്ലം: കശുഅണ്ടി തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ വേജ് സബ്‌സിഡി സ്‌കീം നടപ്പാക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. ഇരവിപുരം കാപ്പെക്സ് ഫാക്ടറിയിലെ തൊഴിലാളികളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഫാക്ടറി പടിക്കൽ നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധിയിലായപ്പോൾ തൊഴിലാളികളുടെ കൂലിയുടെ ഒരുവിഹിതം സർക്കാർ ഏറ്റെടുത്താണ് കയർ വ്യവസായ മേഖലയെ സംരക്ഷിച്ചത്. 95 ശതമാനത്തിൽ അധികം സ്ത്രീ തൊഴിലാളികൾ പണിയെടുക്കുന്ന കശുഅണ്ടി വ്യവസായം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഈ മേഖലയ്ക്കും സ്‌കീം നടപ്പാക്കേണ്ടത് അനിവാര്യമാണ്. കശുഅണ്ടി തൊഴിലാളികളുടെ മിനിമം കൂലി പൂതുക്കി നിശ്ചയിക്കാനും സർക്കാർ നടപടി സ്വീകരിക്കണം. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കരാറിന്റെ കാലാവധി 4 വർഷം കഴിഞ്ഞപ്പോൾ മിനിമം കൂലി പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ സി.ഐ.ടി.യു ഇപ്പോൾ മൗനം പുലർത്തുന്നത് തൊഴിലാളി വഞ്ചനയാണെന്നും എം.പി. ആരോപിച്ചു.
കാഷ്യുഫെഡറേഷൻ ജനറൽ സെക്രട്ടറി സജി ഡി. ആനന്ദ് അദ്ധ്യക്ഷത വഹിച്ചു. ഗിരീഷ് കുമാർ, ഓമനക്കുട്ടൻപിളള എന്നിവർ പങ്കെടുത്തു.