കൊല്ലം: വിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന ജില്ലാ പഞ്ചായത്തിന്റെ ഉജ്ജ്വലം പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ മാനസിക സമ്മർദം കുറച്ച് പഠനസൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പദ്ധതിയുടെ ഭാഗമായി പഠന സഹായികൾ നൽകും. പാഠഭാഗങ്ങൾ സംബന്ധിച്ച ചോദ്യമാതൃകകളും ഉത്തരങ്ങളുമാണ് പഠനസഹായിയിലുള്ളത്. മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിൽ തയ്യാറാക്കിയിട്ടുണ്ട്. ജില്ലയിലെ 86 സർക്കാർ ഹൈസ്‌കൂളുകളിലും 127 എയ്ഡഡ് ഹൈസ്‌കൂളുകളിലും ഇവ ലഭ്യമാക്കും. 9 ലക്ഷം രൂപയാണ് പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് വിനിയോഗിച്ചത്. പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ നോട്ട്ബുക്കുകൾ നൽകുന്ന പദ്ധതിയും ജില്ലാ പഞ്ചായത്ത് വഴി നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ജയൻ സ്മാരക ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാൽ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ ഡോ. പി.കെ. ഗോപൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ജെ. നജീബത്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ സി.പി. സുധീഷ് കുമാർ, ഗേളി ഷണ്മുഖൻ, അനന്തു പിള്ള, പ്രിജി ശശിധരൻ, ജില്ലാ പഞ്ചായത്ത് അംഗം ജയന്തി, സെക്രട്ടറി കെ. പ്രസാദ്, വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, ഡയറ്റ് പ്രിൻസിപ്പൽ ഡോ. എസ്. ഷീജ, വിവിധ സ്‌കൂളുകളിൽ നിന്നുള്ള അദ്ധ്യാപകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.