v

സർവീസുകൾ അവതാളത്തിലാവുന്നത് പതിവ്

കൊല്ലം: യഥാസമയം അറ്റകുറ്റപ്പണി നടത്താത്തത് ജലഗതാഗതവകുപ്പിന്റെ സർവീസുകളെ ബാധിക്കുന്നു. നിലവിൽ സാമ്പ്രാണിക്കോടി- കാവനാട് ഫെറി സർവീസ് മാത്രമാണ് നടത്തുന്നത്.

ദിവസങ്ങളോളം അറ്റകുറ്റപ്പണിക്കായി ആലപ്പുഴയിൽ വിശ്രമിച്ച ശേഷം രണ്ടാഴ്ച മുമ്പാണ് സർവീസ് പുനരാരംഭിച്ചത്. ഫെറി സർവീസ് ആരംഭിച്ചതിന് തൊട്ടുപിന്നാലെ കൊല്ലം-പ്ലാവറക്കാവ് സർവീസ് ബോട്ട് അറ്റകുറ്റപ്പണികൾക്കായി ആലപ്പുഴയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. കഴിഞ്ഞ ദിവസം പേഴുംതുരുത്ത് സർവീസ് കൂടി മുടങ്ങിയതോടെ ജലഗതാഗത വകുപ്പിന്റെ കൊല്ലത്തെ പ്രവർത്തനം അവതാളത്തിലായി. ദിവസങ്ങൾ പിന്നിട്ടിട്ടും ബോട്ട് തിരികെയെത്തിക്കാനോ സർവീസ് നടത്താനോ അധികൃതർക്കായിട്ടില്ല. ലോക്ക്ഡൗണിന് ശേഷം ആലപ്പുഴ സർവീസ് പുനരാംഭിക്കുന്നതിന് നടപടി സ്വീകരിക്കാൻ ഇതുവരെയും അധികൃതർക്കായിട്ടില്ല.

# തലസ്ഥാനം ആലപ്പുഴ

100 രൂപയിൽ താഴെ വരുന്ന സ്പെയർ പാർട്സുകൾക്ക് പോലും ജലഗതാഗത വകുപ്പിന്റെ ആസ്ഥാനമായ ആലപ്പുഴയെ ആശ്രയിക്കേണ്ടി വരുന്നതാണ് സർവീസുകൾ മുടങ്ങാനായുള്ള പ്രധാന കാരണം. ഗ്ലാസ് പൊട്ടിയാൽ പോലും ആലപ്പുഴയിൽ നിന്ന് ആളെത്തി മാറ്റേണ്ട അവസ്ഥയാണുള്ളത്. എൻജിൻ ഭാഗത്തെ ഫാൻ ബെൽറ്റിന്റെ വില 200- 500 രൂപയാണ്. ഇത് മാറ്റാനായി ചെലവാകുന്നത് കേവലം 10 മിനിട്ട് മാത്രവും. എന്നാൽ ഇതിനുപോലും ആലപ്പുഴയെ ആശ്രയിക്കേണ്ടി വരുന്നതിനാൽ കുറഞ്ഞത് മൂന്നു ദിവസമെങ്കിലും സർവീസ് മുടങ്ങും. ചെറിയ അറ്റകുറ്റപ്പണികൾക്കൊക്കെ സ്വകാര്യ വർക്ക്ഷോപ്പുകളെ ആശ്രയിച്ചാൽ സർവീസ് മുടങ്ങിയുള്ള നഷ്ടം ഒഴിവാക്കാൻ കഴിയും.

# കൊല്ലത്ത് നിന്നുള്ള സർവീസുകൾ


 സാമ്പ്രാണിക്കോടി
 പ്ലാവറക്കാവ്
 പേഴുംതുരുത്ത്
 സാമ്പ്രാണിക്കോടി - കാവനാട് അരവിള

 കൊല്ലം- ആലപ്പുഴ

# ആകെ ട്രിപ്പുകൾ: 40