അഞ്ചൽ: ഇടമുളയ്ക്കൽ പനച്ചവിള, കുമരംചിറയിൽ ആലേഷിന്റെ കുളത്തിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തതായി കാണപ്പെട്ടു. ആരോ കുളത്തിൽ വിഷം കല‌ർത്തി മത്സ്യങ്ങളെ കൊന്നെന്നാണ് അലേഷ് ആരോപിക്കുന്നത്. ഇടമുളയ്ക്കൽ പഞ്ചായത്തിൽ സുഭിക്ഷകേരളം പദ്ധതി പ്രകാരം വീട്ടുവളപ്പിലെ കുളത്തിൽ മത്സ്യങ്ങൾ കൃഷി ചെയ്യുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇയാൾ മത്സ്യം വളർത്തിയത്. പ്രവാസിയായിരുന്ന ആലേഷ് കൊവിഡ് കാലത്ത് നാട്ടിൽ എത്തി സ്വയം തൊഴിൽ കണ്ടെത്തിയതിന്റെ ഭാഗമായിട്ടാണ് മത്സ്യകൃഷി തുടങ്ങിയത്. ഏകദേശം ആയിരത്തോളം മത്സ്യങ്ങൾ ചത്തതായി കണക്കാക്കുന്നു. ഇത് സംബന്ധിച്ച് ആലേഷ് അഞ്ചൽ പൊലീസിന് പരാതി നൽകി.