കൊല്ലം: രണ്ടുകിലോ കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. പുനലൂർ വാളക്കോട് വിളക്കുവട്ടം നെയ്ത്ത്‌മുക്ക് കരിമ്പിൻവിള വീട്ടിൽ വിജയ് (41) ആണ് പിടിയിലായത്. ടി.ബി ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറായ ഇയാളുടെ വീട്ടിൽ ബിഗ്‌ഷോപ്പറിൽ സൂക്ഷിച്ചിരുന്ന നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഓട്ടം പോകുന്നതിനിടയിൽ കഞ്ചാവ്‌ ചെറുപൊതികളാക്കി പണം കൈവായ്പാ വാങ്ങിയത് തിരിച്ചു നൽകുന്ന രീതിയിൽ ബ്രൗൺ കവറിൽ പൊതിഞ്ഞു നൽകുന്നതാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് അറിയിച്ചു. ഒരു പൊതി കഞ്ചാവിന് 1000 രൂപ നിരക്കിൽ ആവശ്യക്കാർ ചോദിക്കുന്നയിടത്ത് എത്തിച്ചുനൽകും. അഞ്ചൽ എക്‌സൈസ് ഇൻസ്‌പെക്ടർ ബിജു എൻ. ബേബിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ റെസി സാംബൻ, വൈ. അനിൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുജിത്ത്, ഷാജി, അജീഷ് മധു, നിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.