കൊല്ലം: അധികൃതർ ഉണർന്നു. കൊട്ടാരക്കര മിനി സ്റ്റേഡിയത്തിലെ കാട് നീക്കി. ഇനി കളിക്കാർക്കും പുലർകാല നടത്തക്കാർക്കും ഇഴജന്തുക്കളെ പേടിക്കേണ്ട. കോടികൾ മുടക്കിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിട്ട് ഒരു വർഷം തികയും മുമ്പേ സ്റ്റേഡിയം കാടുമൂടി നശിക്കാൻ തുടങ്ങിയിരുന്നു. കൊട്ടാരക്കര ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ട് ആണെങ്കിലും സംസ്ഥാന കായിക യുവജനക്ഷേമ മന്ത്രാലയമാണ് ഒരു കോടി രൂപ മുടക്കി അടുത്തിടെ മിനി സ്റ്റേഡിയമാക്കിയത്. അതിന് മുമ്പ് ക്രിക്കറ്റ് ബോർഡ് അടക്കം വിവിധ ഏജൻസികളുടെ ധനസഹായത്തോടെ ഒട്ടേറെ നവീകരണ പ്രവർത്തനങ്ങൾ നടന്നിരുന്നു. എന്നാൽ, തുക ചെലവിടുന്നതല്ലാതെ സ്റ്റേഡിയം സംരക്ഷിക്കാൻ സംവിധാനങ്ങളില്ല.
വാർത്ത തുണയായി
'കൊട്ടാരക്കര മിനി സ്റ്റേഡിയം കാടുമൂടി, ചെളിക്കുണ്ടുമായി ' എന്ന തലക്കെട്ടിൽ ഈ മാസം 7ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിക്കുകയും അധികൃതരുടെ ശ്രദ്ധയിലെത്തിക്കുകയും ചെയ്തു. തുടർന്നാണ് നഗരസഭ അധികൃതർ ഇടപെട്ട് സ്റ്റേഡിയം വൃത്തിയാക്കിയത്. കാട് തെളിച്ചെങ്കിലും ഇവിടത്തെ ഓടയ്ക്ക് മേൽമൂടി സ്ഥാപിക്കാനും സ്റ്റേഡിയത്തിലേക്ക് വെളിച്ചമെത്തിക്കാനും സംവിധാനമായിട്ടില്ല. ഹൈ മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ അധികൃതർ ഇടപെടണം. മന്ത്രി കെ.എൻ.ബാലഗോപാലിനെക്കണ്ട് നിവേദനം നൽകാനുള്ള തയ്യാറെടുപ്പിലാണ് കായികപ്രേമികൾ.