കൊട്ടാരക്കര: പ്രൊഫ.കടയ്ക്കോട് വിശ്വംഭരന്റെ രണ്ടാം ചരമ വാർഷിത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനവും പുരസ്കാര സമർപ്പണവും ഇന്ന് എഴുകോൺ കോളന്നൂരിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കടയ്ക്കോട് വിശ്വംഭരൻ ഫൗണ്ടേഷനും പുരോഗമന കലാസാഹിത്യസംഘം നെടുവത്തൂർ ഏരിയ കമ്മിറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ 8ന് സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന, ഉച്ചയ്ക്ക് 2ന് കാഥിക സംഗമം, 3.30ന് പ്രമുഖ കാഥികരും മത്സര വിജയികളും പങ്കെടുക്കുന്ന കഥാപ്രസംഗോത്സവം, 5ന് അനുസ്മരണ സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സമഗ്ര സംഭാവന പുരസ്കാരം കാഥികൻ വി.ഹർഷകുമാറിനും കവിതാ പുരസ്കാരം കവി ഡോ.സി.രാവുണ്ണിയ്ക്കും സമ്മാനിക്കും. അനുസ്മരണത്തിന്റെ ഭാഗമായി കഥാപ്രസംഗ മത്സരത്തിന് നേരത്തേ തുടക്കമായിരുന്നു. മന്ത്രി സജി ചെറിയാനാണ് ഉദ്ഘാടനം ചെയ്തത്. മത്സര വിജയികൾക്കുള്ള സമ്മാന ദാനവും വിവിധ മേഖലകളിലെ പ്രതിഭകൾക്കുള്ള അനുമോദനവും ചടങ്ങിൽ നടക്കും. വാർത്താ സമ്മേളനത്തിൽ ഫൗണ്ടേഷൻ ചെയർമാൻ എഴുകോൺ സന്തോഷ്, ജനറൽ സെക്രട്ടറി വി.സന്ദീപ്, ആർ.പ്രഭാകരൻ പിള്ള, സുരേന്ദ്രൻ കടയ്ക്കോട് എന്നിവർ പങ്കെടുത്തു.