ശാസ്താംകോട്ട: സ്ഥല പരിമിതിക്കുള്ളിൽ വീർപ്പുമുട്ടുകയാണ് ശാസ്താംകോട്ട താലൂക്ക് ആശുപത്രി. ജില്ലയിലെ മറ്റ് താലൂക്ക് ആശുപത്രികളിൽ മികച്ച ഭൗതീക സാഹചര്യങ്ങളും മെച്ചപ്പെട്ട ചികിത്സയും ലഭ്യമാകുമ്പോൾ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ കുടുംബാരോഗ്യ കേന്ദ്രത്തിെലെ സൗകര്യങ്ങൾ മാത്രമാണുള്ളത്. താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി സംസ്ഥാന സർക്കാർ കിഫ് ബി പദ്ധതിയിൽ ഉൾപ്പെടുത്തി 50 കോടി രൂപ അനുവദിച്ചെങ്കിലും പുതിയ കെട്ടിടം നിർമ്മിക്കാൻ സ്ഥലമില്ലാത്തതിനാൽ അനുവദിച്ച പണം നഷ്ടമാകുന്ന സ്ഥിതിയാണ്.


അധികാരികൾ മനസു വെക്കണം


താലൂക്ക് ആശുപത്രിയുടെ വികസനത്തിന് ഭൂമി കണ്ടെത്താൻ കഴിയാതെ ബന്ധപ്പെട്ട ജനപ്രതിനിധികളും പരക്കം പായുമ്പോൾ ആശുപത്രിയോട് ചേർന്ന് കിടക്കുന്ന സർക്കാർ ഭൂമി നാട്ടുകാർ വാഹനം പാർക്ക് ചെയ്യാൻ ഉപയോഗിക്കുന്ന സ്ഥിതിയാണുള്ളത്. കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്കായി നൽകിയ ഒരേക്കറോളം വരുന്ന സ്ഥലം വെറുതെ കിടക്കുകയാണ്. ശാസ്താംകോട്ടയിലെ മാർക്കറ്റ് നിന്ന സ്ഥലമാണ് കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്കായി നൽകിയത്. ഈ സ്ഥലം റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലാണുള്ളത്.ഈ സ്ഥലം ആശുപത്രിക്കായി ഏറ്റെടുത്ത് കെട്ടിടം നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


കളക്ടർക്ക് കത്തു നൽകി


ശസ്താംകോട്ട താലൂക്ക് ആശുപത്രിയുടെ വികസനത്തിന് ആശുപത്രിയോട് ചേർന്നുള്ള സർക്കാർ ഭൂമിയിൽ മാർക്കറ്റിന് ആവശ്യമായ ഭൂമി ഒഴിച്ച് കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്കായി ഒഴിച്ചിട്ട സ്ഥലവും സ്വകാര്യ വ്യക്തിയുടെ ഭൂമിയും അടിയന്തരമായി ഏറ്റെടുത്ത് നൽകാൻ കോവൂർ കുഞ്ഞുമോൻ എം.എൽ.എ ജില്ലാ കളക്ടർക്ക് കത്ത് നൽകി.


ആവശ്യത്തിന് ജീവനക്കാരില്ല


സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് പാറ്റേണിലാണ് പതിറ്റാണ്ടുകളായി താലൂക്ക് ആശുപത്രി പ്രവർത്തിക്കുന്നത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ചികിത്സ തേടിയെത്തുന്ന രോഗികളാണ് ദുരിതത്തിലാകുന്നത്. വിവിധ വിഭാഗങ്ങളിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരില്ലാത്തതിനാൽ 30 കിലോമീറ്റർ അകലെയുള്ള ജില്ലാ ആശുപത്രിയെ ആശ്രയിക്കേണ്ട സ്ഥിതിയാണ് . ഡയാലിസിസ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ടെങ്കിലും ഐ.സി.യു സൗകര്യമില്ലാത്തതിനാൽ ചികിത്സയ്ക്കെത്താൻ രോഗികൾ മടിക്കുന്ന സ്ഥിതിയാണ്.

ഐ.സി.യു സൗകര്യമില്ലാത്തതിനാൽ താലൂക്ക് ആശുപത്രിക്കായി അനുവദിച്ച രണ്ട് വെന്റിലേറ്ററുകൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിക്ക് നൽകിയിരുന്നു.