photo
പൂവറ്റൂർ പടിഞ്ഞാറ് മാവടി ഗവ.എൽ.പി സ്കൂളിന്റെ പുതിയ കെട്ടിടം

കൊല്ലം: പുത്തൂർ പൂവറ്റൂർ പടിഞ്ഞാറ് മാവടി ഗ്രാമത്തിന്റെ അക്ഷരവെളിച്ചമായ ഗവ.എൽ.പി സ്കൂൾ സ്മാർട്ടായി. 1932ൽ പ്രവർത്തനം ആരംഭിച്ചതാണ് ഈ വിദ്യാലയം. പിന്നാക്കം നിന്നിരുന്ന വിദ്യാലയം സർക്കാരിന്റെ പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പ്രവർത്തന മികവിലേക്ക് എത്തുകയായിരുന്നു. പുതിയ കെട്ടിടങ്ങളും ആധുനിക പഠന സംവിധാനങ്ങളുമൊരുക്കിയാണ് വിദ്യാലയം കുട്ടികളെ കാത്തിരിക്കുന്നത്. കൊവിഡിന്റെ പശ്ചാലത്തിൽ ഏറെനാളായി കുട്ടികളുടെ ശബ്ദങ്ങളില്ലാതെ ശോകമാണ് സ്കൂൾ പരിസരം. കുളക്കട ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള വിദ്യാലയത്തിൽ എൽ.കെ.ജി മുതൽ നാലാം ക്ളാസ് വരെയാണ് പ്രവർത്തിക്കുന്നത്.

ഹൈടെക് കെട്ടിടവും സ്മാർട്ട് ക്ളാസ് മുറികളും

എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച 59 ലക്ഷം രൂപ ഉപയോഗിച്ച് സ്കൂളിൽ മനോഹരമായ കെട്ടിടവും സ്മാർട്ട് ക്ളാസ് മുറികളുമൊരുക്കിയിട്ടുണ്ട്. താഴത്തെ നിലയിൽ മൂന്ന് ക്ളാസ് മുറികളും മുകളിൽ ഒരു ക്ളാസുമാണ് സജ്ജമാക്കിയിട്ടുള്ളത്. കുട്ടികൾക്കുള്ള കസേരകളും മേശയും കളിയുപകരണങ്ങളുമെല്ലാം തയ്യാറാക്കി.

ഉദ്ഘാടന ചടങ്ങ്

30ന് വൈകിട്ട് 4.30ന് മന്ത്രി കെ.എൻ.ബാലഗോപാൽ മന്ദിരോദ്ഘാടനം നിർവഹിക്കും. കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഇന്ദുകുമാർ അദ്ധ്യക്ഷനാകും. കൊടിക്കുന്നിൽ സുരേഷ് എം.പി സ്മാർട്ട് ക്ളാസ് മുറികൾ ഉദ്ഘാടനം ചെയ്യും. മികച്ച വിദ്യാർത്ഥികളെ പി.ഐഷാപോറ്റി അനുമോദിക്കും. ജില്ലാ പഞ്ചായത്തംഗം ആർ.രശ്മി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിതാ ഗോപകുമാർ, ബ്ളോക്ക് പഞ്ചായത്തംഗം എൻ.മോഹനൻ, അസി.എക്സി.എൻജിനീയർ പി.സച്ചിൻ, പി.ടി.എ പ്രസിഡന്റ് എസ്.അനിൽകുമാർ, വാർഡ് മെമ്പർ കെ.രതി, പ്രഥമാദ്ധ്യാപകൻ എൻ.ഉണ്ണിക്കൃഷ്ണൻ നായർ, ഗ്രാമപഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുക്കും.