കൊല്ലം : യുവാക്കളെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. കരുനാഗപ്പളളി താലൂക്കിൽ നീണ്ടകര വില്ലേജിൽ പുത്തൻതുറ പന്നയ്ക്കൽ തുരുത്തിൽ വടക്കേറ്റത്ത് വീട്ടിൽ അമ്മാച്ചൻ എന്നു വിളിക്കുന്ന രതീഷ് (37) ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ 17ന് പുത്തൻതുറ സ്വദേശിയായ യുവാവിന്റെ സംസ്‌കാര ചടങ്ങിനിടെയുണ്ടായ തർക്കമാണ് വധശ്രമത്തിൽ കലാശിച്ചത്. പുത്തൻതുറ സ്വദേശികളായ ജയിംസിന്റെ ഇടത് ചെവിക്ക് മുൻവശവും ബിനോയിയുടെ അടിവയറ്റിലുമാണ് ഇയാൾ ആഴത്തിൽ കുത്തി മുറിവേൽപ്പിച്ചത്. കുത്തേറ്റ് ഗുരുതരാവസ്ഥയിലായ ഇവർ കൊല്ലം മേവറത്തുളള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ഇയാൾ ചവറ പാലത്തിന് സമീപം നിൽക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ചവറ പാലത്തിന് താഴെ നിന്നും ഇയാൾ പിടിയിലാകുകയായിരുന്നു. നിരവധി ക്രിമനൽ കേസുകളിൽ പ്രതിയായ ഇയാൾ കാപ്പാ പ്രകാരം മുൻപ് കരുതൽ തടങ്കലിൽ കഴിഞ്ഞിരുന്നു. ചവറ ഇൻസ്‌പെക്ടർ എ.നിസാമുദ്ദീന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ എ.നൗഫൽ, എസ്.സുഖേഷ്, സുരേഷ്‌കുമാർ, എസ്.സി.പി.ഓ തമ്പി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.