പുനലൂർ: പുനലൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപം ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. പുനലൂർ റെയിൽവേ സ്റ്റേഷന് സമീപം കുറ്റിക്കാട്ട് വീട്ടിൽ സാബുവാണ് (35) മരിച്ചത്. വ്യാഴാഴ്ച രാത്രി 10.30 ഓടെ ആയിരുന്നു അപകടം.
തൂത്തുക്കുടിയിൽ നിന്ന് മത്സ്യം കയറ്റി ആലുവയ്ക്ക് പോയ പിക്കപ്പ് വാൻ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. അമിത വേഗത്തിൽ വന്ന വാനിൽ കെ.എസ് .ആർ.ടി.സി ഭാഗത്തുനിന്നു പത്തനാപുരം റോഡിലേക്ക് തിരിഞ്ഞ ഓട്ടോ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ ഡ്രൈവർ തെറിച്ച് റോഡിലേക്ക് വീഴുകയും ഡ്രൈവറുടെ നെഞ്ചുഭാഗം പൂർണമായും തകരുകയുമായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കെ.എസ്.ആർ.ടി.സി ജീവനക്കാർ ചേർന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.