കരുനാഗപ്പള്ളി: നാലുചുറ്റിനും വെള്ളമുണ്ട്. എന്നാൽ കുടിക്കാൻ ഒരു തുള്ളി വെള്ളമില്ലാത്ത അവസ്ഥയാണ് കരുനാഗപ്പള്ളി താലൂക്ക് ഹോമിയോ ആശുപത്രിയിലും പരിസര പ്രദേശങ്ങളിലും. കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിൽ വരുന്ന 3-ം ഡിവിഷനിലാണ് ഹോമിയോ ആശുപത്രിയുടെ ആസ്ഥാനം.
മൂന്ന് ഡോക്ടർമാർ ഉൾപ്പെടെ 11 ജീവനക്കാരാണ് ആശുപത്രിയിലുള്ളത്. ദിവസം 100 ന് മേൽ രോഗികൾ ഒ.പി യിൽ എത്തുന്നുണ്ട്. 25 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള എല്ലാ സൗകര്യവും ആശുപത്രിയിലുണ്ട്. നിലവിൽ 5 രോഗികൾ മാത്രമാണ് ഉള്ളത്. കൊവിഡിനെ തുടർന്ന് രോഗികൾ ആശുപത്രിയിൽ നിന്ന് ഒഴിഞ്ഞ് പോവുകയായിരുന്നു. കൊവിഡ് കുറഞ്ഞതോടെ രോഗികൾ വീണ്ടും എത്തി തുടങ്ങി.
ആഹാരം പാകം ചെയ്യുന്നതിനും കുടിക്കുന്നതിനും പണം നൽകി ദിവസവും വെള്ളം വാങ്ങുകയാണ്. ആശുപത്രിയുടെ വികസന ഫണ്ടിൽ നിന്നാണ് വെള്ളത്തിനുള്ള വക കണ്ടെത്തുന്നത്.
കുടിക്കാനാവില്ല കിണർ വെള്ളം
ആലുംകടവ് കാഞ്ഞിരവേലി ക്ഷേത്രത്തിന് കിഴക്കുവശത്തുള്ള ആശുപത്രിയുടെ നാലു വശങ്ങളും നെൽ വയലുകളാണ്. ദൈനം ദിന പ്രവർത്തനങ്ങൾക്കും കിടത്തി ചികിത്സിക്കുന്ന രോഗികളുടെ ആവശ്യങ്ങൾക്കുമായി വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനിൽ നിന്ന് ലഭിക്കുന്ന വെള്ളമാണ് ഉപയോഗിച്ചിരുന്നത്. വെള്ളക്കരം നഗരസഭ കൃത്യമായി അടയ്ക്കുന്നുണ്ട്. ആശുപത്രി കോമ്പൗണ്ടിൽ കിണർ ഉണ്ടെങ്കിലും വെള്ളം ഉപയോഗിക്കാൻ പറ്റുന്നതല്ല. കിണറ്റിലെ വെള്ളത്തിൽ ഇരുമ്പിന്റെ അംശം കൂടുതലാണ്. ഇതിനാൽ ആഹാരം പാകം ചെയ്യാൻ ഈ വെള്ളം ഉപയോഗിക്കാറില്ല. രോഗികളുടെ പ്രാഥമിക ആവശ്യങ്ങൾക്ക് വേണ്ടി മാത്രമാണ് കിണറ്റിലെ വെള്ളം ഉപയോഗിക്കുന്നത്.
വെള്ളം മുടങ്ങിയിട്ട് ഒരു വർഷം
കഴിഞ്ഞ ഒരു വർഷമായി ആശുപത്രിയിലും പരിസര പ്രദേശങ്ങളിലും പൈപ്പ് വെള്ളം ലഭിക്കുന്നില്ല. ഓച്ചിറ കുടിവെള്ള പദ്ധതിയിലെ വെള്ളമാണ് ഇവിടെയെല്ലാം ലഭിക്കുന്നത്. പൈപ്പ് ലൈനിൽ മണ്ണ് കയറി അടഞ്ഞതിനാൽ ഇവിടേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് നിലച്ചു. കൊപ്പാറയിൽ ജംഗ്ഷൻ മുതൽ പൂവടി ജംഗ്ഷൻ വരെയുള്ള പൈപ്പ് ലൈനിൽ അടിഞ്ഞ് കൂടിയിരിക്കുന്ന മണ്ണ് നീക്കം ചെയ്താൽ ഇവിടുത്തെ കുടിവെള്ള ക്ഷാമം പൂർണമായും പരിഹരിക്കാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്. ആശുപത്രി അധികൃതർ ഇക്കാര്യം വാട്ടർ അതോരിറ്റി ഉദ്യോഗസ്ഥരുടെയും നഗരസഭാ അധികൃതരുടെയും ശ്രദ്ധയിൽ പെടുത്തിയെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല.