കൊല്ലം: കൊല്ലത്തെ പ്രമുഖ അഭിഭാഷകനായിരുന്ന പി. വിജയരാഘവന്റെ കുടുംബാംഗങ്ങൾ കൊല്ലം ശ്രീനാരായണ ഗുരു കോളേജ് ഒഫ് ലീഗൽ സ്റ്റഡീസ് ലൈബ്രറിക്ക് നിയമ പുസ്തകങ്ങളുടെ ശേഖരം കൈമാറും. പി. വിജയരാഘവന്റെ കുടുംബം നിധി പോലെ കാത്തുസൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ പുസ്തകങ്ങളാണ് കൈമാറുന്നത്. ഇന്ന് ഉച്ചയ്ക്ക് 12ന് ശ്രീനാരായണ കോളേജ് ലീഗൽ സ്റ്റഡീസിൽ നടക്കുന്ന ചടങ്ങിൽ എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ പുസ്തകങ്ങൾ ഏറ്റുവാങ്ങും. എസ്.എൻ. ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ അദ്ധ്യക്ഷത വഹിക്കും. അഡ്വ. ഹരിപ്രസാദ് സ്വാഗതവും കോളേജ് പ്രിൻസിപ്പൽ എസ്. ഉഷ നന്ദിയും പറയും. 1960ലാണ് പി. വിജയരാഘവൻ അഭിഭാഷക ജീവിതം ആരംഭിച്ചത്. പ്രസിദ്ധീകരിക്കപ്പെടുന്ന നിയമപുസ്തകങ്ങൾ ശേഖരിക്കുന്നതിൽ അദ്ദേഹം അതീവ തല്പരനായിരുന്നു. തന്മൂലം പ്രവൃത്തി രംഗത്ത് അത്യുന്നതങ്ങളിൽ എത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. ആദ്യകാലം മുതൽ തന്നെ എസ്.എൻ.ഡി.പി യോഗത്തിന്റെയും ശ്രീനാരായണ ട്രസ്റ്റിന്റെയും നിയമോപദേശകനും അഭിഭാഷകനുമായിരുന്നു. 2016 ലാണ് അദ്ദേഹം വിടവാങ്ങിയത്.