കൊല്ലം: പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ മലനട തടത്തിൽമുക്ക് -ഇലവിള ഭാഗം റോഡിൽ മാലിന്യം തള്ളുന്നതായി പരാതി. രാത്രിയിലാണ് ഇവിടെ പ്ളാസ്റ്റിക് കവറുകളിലാക്കിയും അല്ലാതെയും മാലിന്യം തള്ളുന്നത്. മദ്യക്കുപ്പികളും മാംസ അവശിഷ്ടങ്ങളുമൊക്കെ ഇവിടെ തള്ളുന്നത് പതിവായിട്ടും അധികൃതർ കണ്ണടയ്ക്കുകയാണ്. ദുർഗന്ധം മൂലം വഴിനടക്കാൻ പറ്റാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു. റോഡിന്റെ മാനാംമുകൾ ഭാഗത്താണ് കൂടുതൽ ദുരിതം. സന്ധ്യമയങ്ങിയാൽ ഇവിടെ നാട്ടുകാരുടെ ശ്രദ്ധയുണ്ടാകാറില്ല. ഈ സമയത്താണ് മാലിന്യം തള്ളുക. മലനട നാലാം വാർഡിലെ ഈ ദുരിതാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതർ വേണ്ടത്ര ഗൗരവത്തിലെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.