photo
പുത്തൂർ പാണ്ടറ ചിറ

കൊല്ലം: പുത്തൂർ പാണ്ടറ ചിറയ്ക്ക് ശാപമോക്ഷത്തിന് വഴിയൊരുങ്ങുന്നു. മന്ത്രി കെ.എൻ.ബാലഗോപാലും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.സുമാലാലും ചിറയുടെ ദുരവസ്ഥ കാണാനെത്തി. കാലങ്ങളായി തുടരുന്ന അവഗണനയിൽ നിന്ന് ചിറയ്ക്ക് മോക്ഷമുണ്ടാകും. ഒരു കാലത്ത് ഗ്രാമത്തിന് മുഴുവൻ ജലസമ്പത്ത് പകർന്നുനൽകിയ ഈ നീർത്തടം ഏറെ നാളായി നിലനിൽപ്പിനായി കേഴുകയാണ്. നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ കരുവായം വാർഡിലാണ് ചിറ സ്ഥിതി ചെയ്യുന്നത്. ചിറയിൽ പായലും വെളിയിൽ ചേമ്പും നിറഞ്ഞിട്ട് നാളേറെയായി. ചുറ്റും കുറ്റിക്കാടുകൾ നിറഞ്ഞത് രണ്ടാഴ്ച മുൻപ് വെട്ടിത്തെളിച്ചത് മാത്രമാണ് ആകെയുള്ള ആശ്വാസം.

അധികൃതർ മറന്ന ചിറ

നെടുവത്തൂർ പഞ്ചായത്തിലെ ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലൊന്നാണ് കരുവായം വാർഡ്. വേനൽ കടുക്കുമ്പോൾ കുടിവെള്ളത്തിനായി നെട്ടോട്ടമാണ് നാട്ടുകാർ. കിണറുകളും തോടുകളും വറ്റി വരളുമ്പോഴും പാണ്ടറ ചിറയിൽ നിറ സമൃദ്ധിയാണ്. വേനൽക്കാലത്തൊക്കെ നാട്ടുകാർ കുളിയ്ക്കാനും തുണി അലക്കാനും കാർഷിക ആവശ്യങ്ങൾക്കും ചിറയിലെ വെള്ളം ഉപയോഗിച്ചിരുന്നു. പാണ്ടറ ഗ്രാമത്തിന്റെ അസ്ഥിത്വമായ ചിറയെ അധികൃതർ മറന്നുപോയതാണ്. പുത്തൂർ- കൊട്ടാരക്കര റോഡിന്റെ അരികിലായിട്ടാണ് ചിറയുള്ളത്. ഇരുപത് കോടി രൂപയുടെ റോഡ് നവീകരണ പദ്ധതിയുമായി ബന്ധപ്പെട്ട് ചിറയുടെ സമീപത്തുനിന്ന് റോഡ് മുറിച്ച് ഏലായിലേക്കുള്ള കലുങ്ക് പുനർ നിർമ്മിച്ചിരുന്നു. ചിറയിലേക്ക് കരവെള്ളം ഇറങ്ങുന്നതിന് കുറച്ചൊക്കെ പരിഹാരവും ഇതുവഴി ഉണ്ടാക്കി. എന്നാൽ അതുകൊണ്ടൊന്നും ചിറ സംരക്ഷിക്കപ്പെടില്ല.

ചിറകൾ സംരക്ഷിക്കപ്പെടണം

പാണ്ടറ ചിറയടക്കം നാട്ടിൻപുറങ്ങളിലെ ചിറകളെല്ലാം സംരക്ഷിക്കണം. കുടിവെള്ള പ്രശ്നത്തിന് വലിയ പരിഹാരം ഉണ്ടാക്കാൻ ഇത് ഉപകരിക്കും. ചിറകളുടെയും തോടുകളുടെയും മറ്റ് ചെറു ജലാശയങ്ങളുടെയും സംരക്ഷണത്തിന് പദ്ധതി തയ്യാറാക്കും.

: കെ.എൻ.ബാലഗോപാൽ(മന്ത്രി)

ചിറ നവീകരിക്കും

പാണ്ടറ ചിറയുടെ നവീകരണത്തിന് ജില്ലാ പഞ്ചായത്ത് തുക അനുവദിക്കും. പുതിയ പദ്ധതികളും ആസൂത്രണം ചെയ്യും. : അഡ്വ.സുമാലാൽ(വൈസ് പ്രസി.ജില്ലാ പഞ്ചായത്ത്)