പരവൂർ: കലയ്‌ക്കോട് ഫയൽമാൻ മുക്കിൽ കേബിളിൽ കുടുങ്ങി നിയന്ത്രണം വിട്ട ചരക്ക് ലോറി വൈദ്യുത പോസ്റ്റ് ഇടിച്ചുതകർത്തു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. സപ്ലൈകോ കർഷകരിൽ നിന്നു ശേഖരിച്ച നെല്ലുമായി പരവൂരിലേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ മുകൾ ഭാഗത്ത് സ്വകാര്യ കേബിൾ നെറ്റ്‌വർക്കിന്റെ വയറുകൾ കുരുങ്ങുകയായിരുന്നു. പോസ്റ്റ് ഇടിച്ച് തകർത്താണ് ലോറി നിന്നത്. തുടർന്ന് പ്രദേശത്ത് 3 മണിക്കൂറോളം വൈദ്യുതി മുടങ്ങി. ഗതാഗതം ഏറെനേരം തടസപ്പെട്ടു. റോഡരികിൽ നിൽക്കുന്ന മരങ്ങളുടെ ശാഖകൾ മുറിച്ച് മാറ്റാത്തതാണ് അപകടങ്ങൾ ഉണ്ടാക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.