ആർ.ഒ.ബി പാലത്തിലെ വെള്ളക്കെട്ടിന് പരിഹാരം, കുഴികൾ നികത്തി
കൊല്ലം: ശക്തമായ മഴയിൽ വാഹനയാത്രക്കാരെ വലയ്ക്കുന്ന വെള്ളക്കെട്ടിന് പരിഹാരമായി എ.ആർ ക്യാമ്പിന് സമീപത്തെ ആർ.ഒ.ബി പാലത്തിലെ കുഴികൾ നികത്തി.. വെള്ളക്കെട്ടിനെ തുടർന്ന് പാലത്തിൽ ആഴമുള്ള കുഴികൾ രൂപപ്പെട്ടിരുന്നതിനാൽ ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെയുള്ളവർ വലയുകയാണെന്ന് ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. 'മാനം കറുത്താൽ പാലങ്ങളിൽ വെള്ളക്കെട്ട്' എന്ന തലക്കെട്ടിൽ 16ന് പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് നഗരസഭയും പൊതുമരാമത്ത് വകുപ്പ് അധികൃതരും ചേർന്നാണ് അടിയന്തരമായി പ്രശ്നത്തിന് പഹിരാരമുണ്ടാക്കിയത്. റോഡിലെ ഗട്ടറുകൾ നികത്താൻ ഉപയോഗിക്കുന്ന റെഡിമിക്സ് ടാർ മിശ്രിതം ഉപയോഗിച്ചാണ് കുഴികൾ നികത്തിയത്.
പാലത്തിന്റെ സ്പാനുകൾ തമ്മിലുള്ള അകലത്തിൽ സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് പട്ടകൾ പൂർണമായി തെളിയുകയും അവയ്‌ക്കൊപ്പമുള്ള ഭാഗത്ത് കുഴികൾ രൂപപ്പെടുകയും ചെയ്തിരുന്നു. ഈ ഭാഗങ്ങളും പൂർണമായി അടച്ച് ഗതാഗതയോഗ്യമാക്കി.
വെള്ളം കെട്ടിനിൽക്കുന്നത് പാലത്തിന് ബലക്ഷയം
ഡ്രെയിനേജ് തകരാറും കുഴികളും മൂലം വെള്ളം കെട്ടിനിൽക്കുന്നത് പാലത്തിന്റെ ബലക്ഷയത്തിന് കാരണമാകുമെന്ന ഈ മേഖലയിലെ വിദഗ്ദ്ധരുടെ അഭിപ്രായവും കേരളകൗമുദി വാർത്തയിൽ സൂചിപ്പിച്ചിരുന്നു. പുതുതായി നിർമ്മിച്ച് തുറന്നുകൊടുത്ത ശേഷം ഒരുവർഷത്തിനിടെ അറ്റകുറ്റപ്പണികൾക്കായി അടച്ച പാലം കൂടിയാണിത്. നിർമ്മാണത്തിൽ ക്രമക്കേടുണ്ടായെന്ന് അന്ന് ആരോപണം ഉയർന്നെങ്കിലും കൃത്യമായ അന്വേഷണങ്ങളൊന്നും പിന്നീടുണ്ടായില്ല. കുഴികളിൽ വെള്ളക്കെട്ടുണ്ടാകുമ്പോൾ പാലത്തിൽ ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു.