v

തെക്കൻ ജില്ലകളിൽ സർവീസ് കാര്യക്ഷമമാക്കും

കൊല്ലം: സാമ്പത്തിക നഷ്ടം വരാതെ മെച്ചപ്പെട്ട രീതിയിൽ കൂടുതൽ സർവീസുകൾ കെ.എസ്.ആർ.ടി.സി നടത്തുമെന്നും കൊവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി നിറുത്തിവച്ച ഗ്രാമീണ സർവീസുകൾ പുന:രാരംഭിക്കുമെന്നും മന്ത്രി ആന്റണിരാജു പറഞ്ഞു. കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നത്‌ സംബന്ധിച്ച്‌ കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകൾ ചേരുന്ന സോണൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

തെക്കൻ ജില്ലകളിൽ കെ.എസ്.ആർ.ടി.സി സർവീസുകൾ കൂടുതൽ കാര്യക്ഷമമാക്കാൻ യോഗത്തിൽ തീരുമാനമായി. ജില്ലാ പൂളിൽ പിടിച്ചിട്ടിരിക്കുന്ന വിവിധ ഡിപ്പോകളിലെ ബസുകൾ സർവീസിന്‌ അയയ്ക്കും. ഡിപ്പോകളിലെ വരുമാനം വർദ്ധിപ്പിക്കുന്നതും കൊല്ലം ഡിപ്പോ വികസനം ഉൾപ്പെടെയുള്ള കാര്യങ്ങളും യോഗത്തിൽ ചർച്ചയായി. വിവിധ യൂണിറ്റുകൾ ഓപ്പറേറ്റ്‌ ചെയ്യുന്ന സർവീസുകൾ, വരുമാനം, ജീവനക്കാരുടെ കാര്യക്ഷമത, അടിസ്ഥാന സൗകര്യ വികസനം എന്നിവ വിലയിരുത്തി.

ചർച്ചയായി 'കേരളകൗമുദി' വാർത്ത

കേരളകൗമുദി കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച വാർത്തകളും യോഗത്തിൽ ചർച്ചയായി. ജില്ലയിൽ നേരത്തേയുണ്ടായിരുന്ന ഷെഡ്യൂളുകളെല്ലാം സർവീസ് നടത്തുന്നുണ്ടെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതരുടെ വാദം. വരുമാനമുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ പോലും കൃത്യമായ രീതിയിൽ സർവീസ് നടത്തുന്നില്ലെന്ന യാത്രക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചത്. ഓർഡിനറി ബസുകൾ ദേശീയപാതയിലും പ്രധാനപാതയിലും മാത്രമായി ഒതുക്കിയിരുന്നു. നേരത്തെ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ 20 മിനിട്ട് ഇടവേളകളിലാണ് സർവീസ് നടത്തിയിരുന്നത്. ചില സമയങ്ങളിൽ ഒരുമണിക്കൂർ വരെ ഇടവേള നീളാറുണ്ട്. അവ ലാഭകരമായി സർവീസ് നടത്താനും യോഗത്തിൽ നിർദേശം ഉയർന്നു.

എല്ലാ സർവീസും പുനരാരംഭിക്കണം: കെ.എസ്.ആർ.ടി.ഇ.എ

കൊവിഡ്‌ നിയന്ത്രണങ്ങളിൽ ഇളവ്‌ വന്ന സാഹചര്യത്തിൽ നേരത്തെ നിറുത്തിവച്ചിരുന്ന ഗ്രാമീണ, സ്‌റ്റേ സർവീസുകൾ പുനരാരംഭിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മന്ത്രി ആന്റണി രാജുവിന്‌ കെ.എസ്.ആർ.ടി എംപ്ലോയീസ്‌ അസോസിയേഷൻ കൊല്ലം യൂണിറ്റ്‌ നിവേദനം നൽകി. ജില്ലാ പൂളിൽ പിടിച്ചിട്ടിരിക്കുന്ന, കൊല്ലം ഡിപ്പോയിലെ 44 ബസുകൾ തിരികെക്കൊടുത്ത്‌ എല്ലാ സർവീസുകളും പുനരാരംഭിക്കണമെന്നും ജില്ലാ ആസ്ഥാനത്തെ ഡിപ്പോ നവീകരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ജില്ലാ ട്രഷറർ കെ. അനിൽകുമാർ, ജില്ലാ ജോയിന്റ്‌ സെക്രട്ടറി എം.എസ്‌. സുമേഷ്‌, യൂണിറ്റ്‌ പ്രസിഡന്റ്‌ വി. ജയകുമാർ, യൂണിറ്റ്‌ സെക്രട്ടറി പി. സതീഷ്‌കുമാർ തുടങ്ങിയവരാണ്‌ നിവേദനം നൽകിയത്‌.