പദ്ധതി പ്രകൃതി സൗദമായി നടപ്പാക്കും
കൊല്ലം: കൊല്ലത്തിന്റെ പാരമ്പര്യം ലോകത്തിനു മുന്നിൽ അടയാളപ്പെടുത്താൻ ആവിഷ്കരിച്ച 'ഹെറിറ്റേജ് വാക്ക്' പദ്ധതിക്ക് ശാപമോക്ഷം. ഒരുവിഭാഗം ആളുകളുടെ എതിർപ്പിനെ തുടർന്ന് ഒരുവർഷമായി മുടങ്ങിക്കിടന്ന പദ്ധതിയാണ് കുറേക്കൂടി പ്രകൃതി സൗഹൃദമാക്കി ആരംഭിക്കാൻ നീക്കം തുടങ്ങിയത്. ഇതിനായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ എസ്റ്റിമേറ്റ് പുനക്രമീകരിക്കും.
മൈതാനത്തിനു ചുറ്റുമുള്ള സ്റ്റാളുകൾ ബാംബൂ പാനലിൽ നിർമ്മിക്കാനാണ് ആലോചിക്കുന്നത്. നേരത്തേ ഇന്റർലോക്കിൽ അടിത്തറയും മുകളിൽ ജി.ഐ പൈപ്പും സ്ഥാപിച്ചുകൊണ്ട് ഇളക്കി മാറ്റാവുന്ന നിർമ്മാണമാണ് പ്ളാൻ ചെയ്തിരുന്നത്. പദ്ധതിക്കെതിരെ ചിലർ എതിർപ്പുമായി രംഗത്തു വന്നതോടെയാണ് നിർമ്മാണം നിലച്ചത്. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ മൈതാനത്തിന് ചുറ്റും കൊല്ലത്തിന്റെ ചരിത്രം ഒത്തിണക്കുന്ന ഹെറിറ്റേജ് വാക്ക് പദ്ധതിയുടെ നിർമ്മാണം കഴിഞ്ഞവർഷമാണ് ആരംഭിച്ചത്. 2.97 കോടി ചെലവിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിൽ ഹാബിറ്റാറ്റിനായിരുന്നു നിർമ്മാണച്ചുമതല. എൻട്രി ഗേറ്റും ഹാറ്റ് വാളും ഉൾപ്പെടെ കുറച്ചു ജോലികൾ പൂർത്തിയായി. എന്നാൽ മൈതാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആറ് സ്റ്റാളുകളുടെ നിർമ്മാണം തുടക്ക ഘട്ടത്തിലാണ്.
കയർ, കശുഅണ്ടി, മത്സ്യ സമ്പത്ത് തുടങ്ങി കൊല്ലത്തിന്റെ ജീവിതവുമായി ചേർന്ന് നിൽക്കുന്ന പ്രധാനപ്പെട്ട ആറ് വിഭാഗങ്ങളാണ് സ്റ്റാളുകളിൽ പ്രദർശനത്തിനും വില്പനയ്‌ക്കുമായി ഉണ്ടാവുക. 1.5 കോടി ചെലവിൽ ടൂറിസം വകുപ്പ് മൈതാനത്തിന് ചുറ്റും നടപ്പാതയും ഇരിപ്പിടങ്ങളും ഒരുക്കി. പദ്ധതി പൂർത്തിയാവുന്നതോടെ, മൈതാനത്തിന് ചുറ്റും സഞ്ചരിക്കുമ്പോൾ കൊല്ലത്തിന്റെ സാംസ്‌കാരിക ചരിത്രം അടുത്തുകാണാനാവും.
പൈതൃക വീഥിയിലെ വിഭവങ്ങൾ
കശുഅണ്ടി
തഴയും കരകൗശല വസ്‌തുക്കളും
കൊല്ലത്തിന്റെ കലകൾ
നാളീകേരവും കയറും
മത്സ്യങ്ങൾ
വന ഉത്പന്നങ്ങൾ
ആറു കേന്ദ്രങ്ങൾ
കൊല്ലത്തിന്റെ പ്രധാനപ്പെട്ട ആറ് ജീവിത അടയാളങ്ങളെയാണ് മൈതാനത്തെ ആറ് കേന്ദ്രങ്ങളിൽ രേഖപ്പെടുത്തുക. കശുഅണ്ടിയുമായി ബന്ധപ്പെട്ട കേന്ദ്രത്തിൽ കശുമാവ്, കശുഅണ്ടി സംസ്‌കരണത്തിന്റെ വിവിധ ഘട്ടങ്ങൾ തുടങ്ങിയവയുണ്ടാവും. കലാകാരന്മാർക്ക് ചിത്രങ്ങൾ വരയ്‌ക്കാനും പ്രദർശിപ്പിക്കാനും വിൽക്കാനുമുള്ള അവസരം ലളിതകലാ അക്കാഡമിയുടെ കേന്ദ്രത്തിൽ ഒരുക്കും. കശുഅണ്ടിയുടെ കേന്ദ്രം കശുഅണ്ടി വികസന കോർപ്പറേഷന് നൽകാൻ ധാരണയായി. സമാന രീതിയിൽ ഓരോ സർക്കാർ ഏജൻസികൾക്കാണ് ഓരോ കേന്ദ്രങ്ങളും കൈമാറുക. കാഴ്ചക്കാർക്ക് മണിക്കൂറുകളോളം ഇവിടെ ചെലവിടാൻ സൗകര്യമുണ്ടാകും.
വിശ്രമ കേന്ദ്രം
കൊല്ലത്തിന്റെ ചരിത്രവും കലയും അടയാളപ്പെടുത്തുന്ന മതിൽ, ആംഫി തിയേറ്റർ, വിശ്രമ കേന്ദ്രം, ടോയ്ലറ്റ് സൗകര്യങ്ങൾ, ഇരിപ്പിടങ്ങൾ തുടങ്ങി വിപുലമായ സൗകര്യങ്ങൾ നടപ്പാതയ്‌ക്ക് ചുറ്റുമുണ്ടാകും. രാത്രി കാഴ്ചകൾ കൂടുതൽ മനോഹരമാക്കാൻ ശ്രദ്ധേയമായ വെളിച്ച വിന്യാസം സജ്ജമാക്കും. ഇതോടെ ഡൽഹിയിലെ ഹെറിറ്റേജ് വില്ലേജുകൾക്ക് സമാനമായ അന്തരീക്ഷം ഇവിടെ സഞ്ചാരികൾക്ക് ലഭിക്കുമെന്നാണ് ടൂറിസം വകുപ്പിന്റെ പ്രതീക്ഷ.