കൊട്ടാരക്കര : ജില്ലയിൽ മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് ആംബുലൻസ് പരിശോധന ശക്തമാക്കുമെന്ന് റൂറൽ എസ്.പി കെ.ബി. രവി പറഞ്ഞു. ആംബുലൻസുകളുടെ ദുരുപയോഗം, വ്യാജരേഖകൾ ഉപയോഗിച്ചുള്ള ആംബുലൻസുകളുടെ സർവീസ്, പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റില്ലാത്ത ഡ്രൈവർമാർ എന്നിവരെ കുറിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. കൊട്ടാരക്കരയിൽ കഴിഞ്ഞ ബുധനാഴ്ച ആംബുലൻസ് ഡ്രൈവർമാർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നാണ് പരിശോധനയും നടപടികളും കർശനമാക്കാൻ തീരുമാനിച്ചത്. രോഗികളെയും കൊണ്ട് സഞ്ചരിക്കുമ്പോൾ ആംബുലൻസുകൾ തടഞ്ഞുനിർത്തി പരിശോധിക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്ന ഭാഗങ്ങളിൽ എത്തി പരിശോധനകൾ നടത്തും. ഡ്രൈവർമാരെ സംബന്ധിച്ചുള്ള വിവരങ്ങൾ രജിസ്റ്റേർഡ് ഓണർമാരിൽ നിന്നും രേഖാമൂലം എഴുതി വാങ്ങും. ആംബുലൻസ് ഡ്രൈവർമാർ തമ്മിലുണ്ടായ സംഘർഷത്തിൽ കുറ്റക്കാരായ മുഴുവൻ പ്രതികളെയും ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും റൂറൽ എസ്.പി പറഞ്ഞു.