pho
തേൻപാറയിൽ മണ്ണിടിച്ചിലിനെ തുടർന്ന് കലയനാട്-അമ്പിക്കോണം റോഡിൽ ഉരുണ്ട് ഉറങ്ങിയ കൂറ്റൻ പാറകൾ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യുന്നു

പുനലൂർ : ചാലിയക്കരക്ക് സമീപത്തെ തേൻപാറയിൽ മണ്ണിടിച്ചിൽ. കലയനാട് - അമ്പിക്കോണം എസ്റ്റേറ്റ് റോഡിൽ ഗതാഗതം മുടങ്ങി. കൂറ്റൻ പാറകളും മണ്ണും ഉരുണ്ട് റോഡിൽ വീണെങ്കിലും സമീപത്തെ താമസക്കാർ അപകടം കൂടാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് ആരംഭിച്ച മഴ രാത്രിയിൽ ശക്തമായതോടെയാണ് മണ്ണിടിച്ചിലുണ്ടായത്. അമ്പിക്കോണം സ്വദേശിയായ രാജേന്ദ്രൻ ബൈക്കിൽ കടന്ന് പോയതിന് തൊട്ടു പുറകെയാണ് സംഭവം. കൂറ്റൻ പാറകളും വെള്ളവും പാഞ്ഞു ഇറങ്ങുന്നത് കണ്ടതായി രാജേന്ദ്രൻ പറഞ്ഞു . ഇന്നലെ രാവിലെ ജെ.സി.ബി ഉപയോഗിച്ച് പാറയും മണ്ണും നീക്കം ചെയ്തു. ഉച്ചക്ക് ശേഷം ഗതാഗതം പുനസ്ഥാപിച്ചു. തേൻപാറയിൽ നേരത്തെ രണ്ട് തവണ ഉരുൾപൊട്ടിയിട്ടുണ്ട് . ഇനിയും ഉരുൾപൊട്ടൽ സാദ്ധ്യത കണക്കിലെടുത്ത് മുൻകരുതലെടുക്കാൻ വാർഡ് അംഗം ജി.ഗിരീഷ്കുമാർ ഇന്ന് പുനലൂർ ആർ.ഡി.ഒക്ക് പരാതി നൽകുമെന്ന് അറിയിച്ചു.