കൊല്ലം: ശ്രീനാരായണ ഗുരു കോളേജ് ഒഫ് ലീഗൽ സ്റ്റഡീസിന് ചുരുങ്ങിയ കാലത്തിനുള്ളിൽ അന്താരാഷ്ട്ര നിലവാരത്തിലേക്കുയരാൻ കഴിഞ്ഞുവെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ ലാ കോളേജ് ലൈബ്രറിയിലേക്ക് പ്രമുഖ അഭിഭാഷകനായ പി. വിജരാഘവന്റെ വിലമതിക്കാനാകാത്ത പുസ്തക ശേഖരങ്ങൾ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളിൽ നിന്ന് ഏറ്റുവാങ്ങുകയായിരുന്നു വെള്ളാപ്പള്ളി.
കോളേജിന്റെ അക്കാഡമിക് നിലവാരത്തിലും അച്ചടക്കത്തിലും മാനേജ്മെന്റ് കർശന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട് പഠിച്ച് പ്രൊഫഷനിൽ ശ്രദ്ധേയരാകണമെന്ന് താത്പര്യമുള്ള വിദ്യാർത്ഥികൾ മാത്രമാണ് ഇവിടേക്ക് വരുന്നത്. അവർ മികച്ച മാർക്ക് വാങ്ങി വിജയിക്കുന്നു. തനിക്ക് നേരിട്ട അവഗണന ഇനിയാർക്കും ഉണ്ടാകാതിരിക്കാൻ ഡോ. പി. പല്പു ഗുരുദേവനെ സമീപിച്ചു. അങ്ങനെയാണ് എസ്.എൻ.ഡി.പി യോഗം പിറവിയെടുത്തത്. തനിക്കുണ്ടായ സ്വകാര്യ ദുഖമാണ് എസ്.എൻ ലാ കോളേജ് സ്ഥാപിക്കുന്നതിലേക്ക് എത്തിയത്. വിജയരാഘവൻ വക്കിലീന്റെ ജീവനായിരുന്നു അദ്ദേഹം വാങ്ങിക്കൂട്ടിയ നിയമ പുസ്തകങ്ങൾ. അത് കോളേജിന് സമ്മാനിച്ച കുടുംബാംഗങ്ങളോട് നന്ദിയുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പി. വിജയരാഘവന്റെ മക്കളായ ഡോ. റാണി ഹരിപ്രസാദ്, ഡോ. രേഖ എന്നിവർ പുസ്തകങ്ങൾ വെള്ളാപ്പളളി നടേശന് കൈമാറി. ഈ പുസ്തകങ്ങൾ പ്രത്യേക ബ്ലോക്കായി കോളേജ് ലൈബ്രറിയിൽ സൂക്ഷിക്കും. ബാർ കൗൺസിൽ അംഗം അഡ്വ. ഇ. ഷാനവാസ് ഖാൻ പി. വിജയരാഘവനെ അനുസ്മരിച്ചു. വിജയരാഘവൻ വക്കീലിന്റെ മരുമകനും അഭിഭാഷകനുമായ വി. ഹരിപ്രസാദ് സ്വാഗതവും കോളേജ് പ്രിൻസിപ്പൽ എസ്. ഉഷ നന്ദിയും പറഞ്ഞു.