10 ശതമാനം ആദായനികുതി ഈടാക്കില്ല
കൊല്ലം: ദേശീയപാത 66 വികസനത്തിന് ഏറ്റെടുത്ത സ്ഥലത്തിന്റെ നഷ്ടപരിഹാരത്തുക വിതരണം പുനരാരംഭിച്ചു. ഇതുവരെ 300 പേർക്കാണ് തുക നൽകിയത്.
നഷ്ടപരിഹാരത്തുകയിൽ നിന്ന് 10 ശതമാനം ആദായനികുതി ഈടാക്കുന്നതിനെതിരെ, ഭൂവുടമകളായ മൂന്നുപേർ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. ഇതിനെതിരെ സർക്കാർ അപ്പീൽ നൽകിയില്ല. നിറുത്തിവച്ചിരുന്ന തുക വിതരണം ഇതോടെ കഴിഞ്ഞ ബുധനാഴ്ച പുനരാരംഭിക്കുകയായിരുന്നു. ജില്ലയിൽ ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെയാണ് ദേശീയപാത 66 വികസനം. ഓച്ചിറ, ആദിനാട്, കുലശേഖരപുരം വില്ലേജുകളിലായി 52 ഭൂവുടമകൾക്ക് 17 കോടി രൂപ നേരത്തെ നൽകിരുന്നു. കരുനാഗപ്പള്ളി, കാവനാട്, വടക്കേവിള, ചാത്തന്നൂർ എന്നിങ്ങനെ നാല് സ്‌പെഷ്യൽ തഹസിൽദാർ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് സ്ഥലം ഏറ്റെടുക്കലും നഷ്ടപരിഹാര വിതരണവും. മൂന്നു മാസത്തിനകം തുക വിതരണം പൂർത്തീകരിച്ച് സ്ഥലം ഡിസംബറിൽ ദേശീയപാത അതോറിട്ടിക്ക് കൈമാറാനുളള ശ്രമത്തിലാണ് അധികൃതർ.
ദേശീയപാത 66 ആറുവരിപ്പാതയാകുമ്പോൾ നീണ്ടകരയിലും ഇത്തിക്കരയിലും പുതിയ പാലം നിർമ്മിക്കും. രണ്ടിടത്തും നിലവിലുളള പാലം നിലനിറുത്തും. അഷ്‌ടമുടിക്കായലും അറബിക്കടലും സംഗമിക്കുന്നിടത്താണ് നീണ്ടകരയിലെ പാലം. കൊട്ടിയത്തെയും ചാത്തന്നൂരിനെയും ബന്ധിപ്പിച്ച് ഇത്തിക്കരയാറ്റിലാണ് ഇത്തിക്കരപ്പാലം. ചവറയിൽ ടി.എസ് കനാലിലുള്ള പാലം പൊളിക്കില്ല. ആറുവരിപ്പാതയ്ക്കായി ഒരു പാലംകൂടി ഇവിടെ നിർമ്മിക്കും.
# ബൈപ്പാസിൽ മൂന്നു പാലങ്ങൾ
കൊല്ലം ബൈപ്പാസും ദേശീയപാത 66ൽ ഉൾപ്പെട്ടതോടെ ആറുവരിപ്പാത വികസനം ഇവിടെയും നടപ്പാകും. ബൈപ്പാസിൽ മൂന്നുപാലങ്ങളും 17 കലുങ്കുകളും നിർമ്മിക്കും. അഷ്‌ടമുടിക്കായലിൽ ആൽത്തറമൂടിന് സമീപം 620 മീറ്റർ, കോട്ടയ്ക്കകത്ത് 827 മീറ്റർ, പിള്ളവീട് ഭാഗത്ത് 95 മീറ്റർ നീളത്തിലാണ് ബൈപ്പാസിലെ പാലങ്ങൾ. കായംകുളം കൊറ്റുകുളങ്ങര- കൊല്ലം ബൈപ്പാസ് (കാവനാട്) 31.5 കിലോമീറ്റർ, കൊല്ലം ബൈപ്പാസ്- കടമ്പാട്ടുകോണം 31.25 കിലോമീറ്റർ എന്നിങ്ങനെ രണ്ട് റീച്ചായാണ് നിർമ്മാണം. രണ്ട് റീച്ചിലും കരാറായി.
..............................
₹ 2400 കോടി: ആകെ വിതരണം ചെയ്യേണ്ട നഷ്ടപരിഹാരത്തുക
5900: നഷ്ടപരിഹാരത്തിന് അർഹരായവർ
.............................
പുതിയ മേൽപ്പാലങ്ങൾ: കരുനാഗപ്പള്ളി, ശങ്കരമംഗലം, തൃക്കടവൂർ, പാലത്തറ, മേവറം, ചാത്തന്നൂർ, പാരിപ്പള്ളി
റെയിൽവേ മേൽപ്പാലം: കല്ലുംതാഴം