എഴുകോൺ: പ്രശസ്ത കാഥികനും കവിയുമായിരുന്ന പ്രൊഫ. കടയ്ക്കോട് വിശ്വംഭരന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ സമഗ്ര സംഭാവനാ പുരസ്കാരങ്ങൾ വിതരണം ചെയ്തു. എഴുകോൺ കോളന്നൂർ സ്മൃതി മണ്ഡപത്തിൽ നടന്ന യോഗത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ എഴുകോൺ സന്തോഷ് അദ്ധ്യക്ഷനായി. സമഗ്ര സംഭാവനാ പുരസ്കാരം കാഥികൻ പ്രൊഫ.വി.ഹർഷകുമാറിനും കവിതാ പുരസ്കാരം കവി ഡോ.സി. രാവുണ്ണിക്കും മന്ത്രി സമ്മാനിച്ചു. മുതിർന്ന കാഥികരായ വെളിനല്ലൂർ വസന്തകുമാരി, തൊടിയൂർ വസന്തകുമാരി എന്നിവരെ ചടങ്ങിൽ ആദരിച്ചു. കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി. എഴുകോൺ നാരായണൻ, അഡ്വ.സുമ ലാൽ, എം.ശിവപ്രസാദ്, രതീഷ് കിളിത്തട്ടിൽ, പി.തങ്കപ്പൻ പിള്ള, ബീനാ സജീവ്, പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, ഡോ.വസന്തകുമാർ സാംബശിവൻ, കോട്ടാത്തല ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി വി.സന്ദീപ് സ്വാഗതവും ആർ.പ്രഭാകരൻ പിള്ള നന്ദിയും പറഞ്ഞു. പുരോഗമന കലാ-സാഹിത്യസംഘം നെടുവത്തൂർ ഏരിയ കമ്മിറ്റിയും കടയ്ക്കോട് വിശ്വംഭരൻ ഫൗണ്ടേഷനും ചേർന്ന് നടത്തുന്ന സംസ്ഥാനതല കഥാപ്രസംഗ മത്സരത്തിലെ വിജയികൾക്കും വിവിധ മേഖലകളിലെ പ്രതിഭകൾക്കും ചടങ്ങിൽ ഉപഹാരങ്ങൾ സമ്മാനിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കാഥിക സംഗമം മുതിർന്ന കാഥികരുടെയും യുവ പ്രതിഭകളുടെയും കഥാ സംഗമ വേദിയായി. അനുസ്മരണ സമ്മേളനം ഡോ. വസന്തകുമാർ സാംബശിവൻ ഉദ്ഘാടനം ചെയ്തു. തൊടിയൂർ വസന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. ചിറക്കര സലിം കുമാർ, ചവറ തുളസി, നരിക്കൽ രാജീവ് കുമാർ, കല്ലട വി.വി. ജോസ്, കെ.പി.സജിനാഥ്, മുന്നൂർ ഗോപാലകൃഷ്ണൻ, സുരേന്ദ്രൻ കടയ്ക്കോട് തുടങ്ങിയവർ പങ്കെടുത്തു.