തേവലക്കര: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന കോയിവിള അയ്യൻകോയിക്കൽ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ആറു കോടിയോളം രൂപ ചെലവഴിച്ച് നിർമ്മിച്ച രണ്ട് ബഹുനില മന്ദിരങ്ങളുടെ താക്കോൽ കൈമാറ്റ ചടങ്ങ് സ്കൂൾ അങ്കണത്തിൽ നടന്നു.
ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ കൈറ്റ് പ്രോജക്ട് എൻജിനീയർ ആർ.അജിത്കുമാറിൽ നിന്ന് താക്കോൽ ഏറ്റുവാങ്ങി പ്രിൻസിപ്പൽ കെ.കെ.സജീവ്, പ്രഥമാദ്ധ്യാപിക ആശാ ജോസ് എന്നിവർക്ക് കൈമാറി. പി.ടി.എ പ്രസിഡന്റ് ഷിഹാബ് കാട്ടുകുളം, സ്കൂൾ വികസന സമിതി വർക്കിംഗ് ചെയർമാൻ കെ.മോഹനക്കുട്ടൻ, വാപ്പ്കോസ് പ്രൊജക്ട് എൻജിനീയർ ശരത് ലാൽ, സൗത്ത് ഇന്ത്യൻ കൺസ്ട്രക്ഷൻ ജനറൽ മാനേജർ ശ്രീനിവാസൻ ,സൈറ്റ് എൻജിനീയർ ജെ.ആര്യ, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. ക്ലാസ് റൂമുകൾ, കിച്ചൺ കം ഡൈനിംഗ് ഹാൾ, കമ്പ്യൂട്ടർ ലാബ് തുടങ്ങിയവ പ്രവർത്തിക്കുന്ന എ ബ്ലോക്ക് കെട്ടിടത്തിന് എൻ.വിജയൻ പിള്ള എക്സ് എം.എൽ.എ സ്മാരക ബ്ലോക്ക് എന്ന് നാമകരണം ചെയ്ത് മന്ത്രി വി.ശിവൻ കുട്ടി നേരത്തേ പ്രഖ്യാപിച്ചിരുന്നു.