എസ്.എൻ. ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ
ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ അത്ഭുതകരമായ വളർച്ചയുടെ കാലമാണ് വെള്ളാപ്പള്ളി നടേശൻ നയിച്ച 25വർഷങ്ങൾ. മതേതരത്വം വൺവേ ട്രാഫിക് അല്ലെന്ന വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം അർത്ഥപൂർണമാണ്. ഗുരുദേവ ദർശനങ്ങൾ നൂറു ശതമാനം മനസിലാക്കിയ ഒരാൾക്കേ ഇത്തരത്തിൽ അഭിപ്രായം പ്രകടിപ്പിക്കാൻ കഴിയൂ. വെള്ളാപ്പള്ളി നടേശന്റെ കരുത്തുറ്റ നേതൃത്വത്തിലൂടെ സമുദായ അംഗങ്ങളുടെ ആത്മാഭിമാനം ഉയർന്നു. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്നു വന്ന വേലതുള്ളലിന്റെ ദുരന്തങ്ങൾ നേരിട്ടു കാണാൻ കഴിഞ്ഞ ഒരാളാണ് ഞാൻ. ചേർത്തല മിഷൻ ആശുപത്രിയിൽ ഡോക്ടറായിരുന്ന ഞാൻ മെഡിക്കൽ സംഘത്തോടൊപ്പം ഉത്സവകാലത്ത് അവിടെ പോയിട്ടുണ്ട്. ദുരിതം പേറുന്ന സ്ത്രീകൾ അടക്കമുള്ള വലിയ സമൂഹത്തെ അന്നവിടെ കണ്ടു. ഇത് ഇല്ലാതാക്കാൻ വെള്ളാപ്പള്ളി സ്വീകരിച്ച കരുത്തുറ്റ നിലപാട് എന്നും ഓർമ്മിക്കപ്പെടും.
പി. സുന്ദരൻ (എസ്.എൻ.ഡി.പി യോഗം കൗൺസിലർ)
ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് യോഗനേതൃത്വത്തിൽ 25 വർഷം തികയ്ക്കാൻ കഴിഞ്ഞത്, മികവാർന്ന പ്രവർത്തനത്തിന് സമുദായാംഗങ്ങൾ നൽകിയ അംഗീകാരമാണ്. വർഷങ്ങൾക്ക് മുൻപ് ആർ. ശങ്കറിന്റെ ജന്മനാട്ടിൽ നടന്ന ചടങ്ങിൽ യോഗത്തിനെ ചങ്കൂറ്റത്തോടെ നയിക്കുമെന്ന് പ്രഖ്യാപിച്ച വെള്ളാപ്പള്ളി വർഷങ്ങൾക്കിപ്പുറവും ആ വാക്കിൽ ഉറച്ചുനിന്നുള്ള പ്രവർത്തനത്തിലാണ്. ചരിത്രത്തിൽ രേഖപ്പെടുത്തിയ ശക്തമായ നേതൃത്വമാണ് വെള്ളാപ്പള്ളിയുടേത്. അദ്ദേഹം യോഗനേതൃത്വം ഏറ്റെടുത്ത ശേഷം സമുദായത്തിന്റെ സ്ഥാപനങ്ങൾക്കും മറ്റും അമാനുഷിക വേഗത്തിലാണ് വികസനം കൈവരിക്കാൻ കഴിഞ്ഞത്.
പച്ചയിൽ സന്ദീപ് (എസ്.എൻ.ഡി.പി യോഗം കൗൺസിലർ)
യോഗനേതൃത്വത്തിൽ 25 വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശനോടൊപ്പം യോഗം കൗൺസിലറായി പ്രവർത്തിക്കാൻ ലഭിച്ച അവസരം ജന്മപുണ്യമായാണ് കരുതുന്നത്. അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നതിനൊപ്പം അക്കാലമത്രയും അദ്ദേഹം യോഗനേതൃത്വത്തിൽ ഉണ്ടാകണമെന്നും ആഗ്രഹിക്കുന്നു. വിദ്യാഭ്യാസമേഖലയിലടക്കം പുരോഗതി കൊണ്ടുവരാനും അതിലൂടെ പിന്നാക്കക്കാരെ മുൻ നിരയിലെത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള സമുദായാംഗങ്ങൾക്കായി മൈക്രോഫിനാൻസ് വഴി കോടിക്കണക്കിന് രൂപ വിതരണം ചെയ്യാൻ കഴിഞ്ഞതും അദ്ദേഹത്തിന്റെ കാലത്താണ്.
# മോഹൻ ശങ്കർ (എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗം)
പിന്നാക്കക്കാരുടെ അവകാശങ്ങൾക്കുൾപ്പെടെ അവർക്കുവേണ്ടി സംസാരിക്കാൻ കഴിവുള്ള ഒരേയൊരു പത്രമാണ് കേരളകൗമുദി. കേരളത്തിൽ ഇപ്പോഴും പത്രാധിപർ എന്ന പേര് കെ. സുകുമാരന് മാത്രം അവകാശപ്പെട്ടതാണ്. യോഗ നേതൃത്വത്തിൽ 25 വർഷം പൂർത്തിയാക്കിയ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആദരിക്കാൻ കേരളകൗമുദി മുൻകൈയെടുത്തത് പ്രശംസനീയമാണ്. അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യങ്ങളുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
# എൻ. രാജേന്ദ്രൻ (എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗം)
ഈഴവ സമുദായത്തിന്റെ പടവാളാണ് വെള്ളാപ്പള്ളി നടേശൻ. അദ്ദേഹം ജനറൽ സെക്രട്ടറിയായിരുന്ന കാലത്ത് എസ്.എൻ.ഡി.പി യോഗത്തിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് പുണ്യമായി കരുതുന്നു. ആർ. ശങ്കറിന് ശേഷം യോഗത്തിനെ ശക്തിപ്പെടുത്താനും എല്ലാ യൂണിയനുകളിലും വികസനങ്ങൾ എത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. വിദ്യാഭ്യാസമേഖലയിലടക്കം ഈഴവ സമുദായത്തിന്റെ ശക്തിയും കരുത്തും തെളിയിക്കാൻ വെള്ളാപ്പള്ളിക്കായി. യോഗനേതൃത്വത്തിൽ ഇനിയും അദ്ദേഹത്തിന് കൂടുതൽ കാലം തുടരാൻ കഴിയട്ടെ എന്നാശംസിക്കുന്നു.
.......................
# എ. സോമരാജൻ (എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗം)
1996ൽ എട്ടു ജില്ലകളിൽ മാത്രമായിരുന്നു പിന്നാക്കക്കാർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടായിരുന്നത്. ഇപ്പോൾ എല്ലാ ജില്ലകളിലും ഈഴവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വന്തമായുണ്ടായതിന്റെ പിന്നിൽ പ്രവർത്തിച്ചത് വെള്ളാപ്പള്ളി നടേശനാണ്. ഈഴവരുടെ സ്ഥാപനങ്ങൾ വികസനക്കുതിപ്പ് നടത്തിയപ്പോൾ കൂടുതൽ പ്രയോജനം ലഭിച്ചത് കൊല്ലത്തിനാണെന്നത് അഭിമാനകരമാണ്. വെള്ളാപ്പള്ളി നടേശൻ ജനറൽ സെക്രട്ടറിയായതോടെ ഈഴവനാണെന്ന് അഭിമാനത്തോടെ തലയുയർത്തിപ്പറയാൻ എല്ലാവർക്കും കഴിയുന്നുണ്ട്. യോഗനേതൃത്വത്തിൽ അദ്ദേഹം ഇനിയും തുടരുന്നത് ഈഴവർക്ക് ഏറെ മുതൽക്കൂട്ടാവും.